ഇസ്ലാമാബാദ്: കറാച്ചിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ മ്യൂസിയത്തിൽ ഇന്ത്യൻ വ്യോമ സേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ച് പാകിസ്ഥാൻ. പാകിസ്ഥാനിൽനിന്നുള്ള മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് അഭിനന്ദന്റെ പ്രതിമയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

"പാകിസ്ഥാൻ എയർഫോഴ്സ് അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. കയ്യിലൊരു ചായക്കപ്പുകൂടി വച്ചുകൊടുത്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ", എന്ന അടിക്കുറിപ്പോടെയായിരുന്നു അൻവർ ലോധി ചിത്രം പങ്കുവച്ചത്. അഭിനന്ദന്റെ പ്രതിമ വച്ച ​ഗ്ലാസ് കൂടാരത്തിനുള്ളിൽ ഒരു പാക് സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോൾ അഭിനന്ദൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും വച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ നിയന്ത്രണരേഖ കടന്ന് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയെങ്കിലും ഇക്കാര്യം മനസിലാക്കിയ ഇന്ത്യൻ വ്യോമസേന  ഫെബ്രുവരി 27 ന് രാവിലെ തിരിച്ചടിച്ചിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യൻ എയര്‍ഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തക‍ര്‍ന്ന് അഭിനന്ദൻ പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങിയത്.