പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾക്ക് പിന്നാലെ ആണ് ഇമ്രാൻ ഖാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.
റാവൻപിണ്ടി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മണിക്കൂറുകൾക്കകം തിരികെ ജയിലിലേക്ക് എത്തിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്കാണ് വെള്ളിയാഴ്ച തിരികെ എത്തിച്ചത്. ഇക്കാര്യം ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) സ്ഥിരീകരിച്ചു. ജയിലിൽ തുടരുന്നതിന് മറ്റ് പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയതെന്നാണ് പാകിസ്ഥാൻ മാധ്യങ്ങളുടെ റിപ്പോർട്ട്.
ഇമ്രാൻ ഖാനെ അഡിയാല ജയിലിലെ സെല്ലിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇമ്രാൻ ഖാൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും വലത് കണ്ണിൻ്റെ കാഴ്ച നഷ്ടമായെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് 73കാരനായ ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റാൻ ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് മൂന്നംഗ ബെഞ്ച് നിർദേശം നൽകിയത്. വിദഗ്ധരും ഇമ്രാൻ ഖാൻ്റെ പേഴ്സണൽ ഫിസിഷ്യനുമായ ഫൈസൽ സുൽത്താനും അടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ സന്ദർശിക്കാനും കോടതി അനുമതി നൽകിയിരുന്നു.
അതീവ സുരക്ഷയിലാണ് ഇമ്രാൻ ഖാനെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇമ്രാൻ ഖാനെ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് പിടിഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഇമ്രാൻ ഖാനെ ആശുപത്രിയിൽ തുടരാൻ പാർട്ടിയും കുടുംബവും അനുമതി തേടിയിരുന്നു. കേസ് വീണ്ടും പരിഗണിക്കും വരെ സെപ്റ്റംബർ 16 വരെ ഇമ്രാൻ ഖാൻ ആശുപത്രിയിൽ തുടരുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയത്. സുപ്രീംകോടതി ഉത്തരവ് അനുസരിക്കുമെന്ന് സർക്കാർ ആദ്യം പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യമില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2022ൽ അധികാരം നഷ്ടമായ ഇമ്രാൻ ഖാൻ പിറ്റേവർഷം ഓഗസ്റ്റിലാണ് ജയിലിലായത്. ഭൂമി കുംഭകോണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇമ്രാൻ ഖാന് 14 വർഷമാണ് കോടതി തടവുശിക്ഷ വിധിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ വാദം.


