2002ലാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യന്‍ കറസ്‌പോണ്ടന്റായിരുന്ന ഡാനിയല്‍ പേളിനെ കറാച്ചിയില്‍ നിന്ന് ഒമര്‍ ഷെയ്ഖും സംഘവും തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 

ഇസ്ലാമാബാദ്: യുഎസ് മാധ്യമപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെയും പാകിസ്ഥാന്‍ സുപ്രീം കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒമര്‍ ഷെയ്ഖിനെയും(അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ്) കൂട്ടാളികളെയും വെറുതെവിട്ട വിധിക്കെതിരെ പേളിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചത്.

മൂന്നംഗ ജഡ്ജിമാരില്‍ ഒരാള്‍ മാത്രമാണ് വിയോജിച്ചത്. ബ്രിട്ടീഷ് പൗരനായ ഓമറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഏഴ് വര്‍ഷമായി കുറക്കുകയും കൂട്ടാളികളായ മൂന്ന് പേരെ കുറ്റവിമുക്തരാക്കി വെറുതെ വിടുകയും ചെയ്തു.

ഇതിനെതിരെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി പ്രധാന പ്രതി ഒമറിനെയും വെറുതെ വിട്ട വിധിയാണ് പുറപ്പെടുവിച്ചത്. 2002ലാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യന്‍ കറസ്‌പോണ്ടന്റായിരുന്ന ഡാനിയല്‍ പേളിനെ കറാച്ചിയില്‍ നിന്ന് ഒമര്‍ ഷെയ്ഖും സംഘവും തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പാകിസ്ഥാനില്‍ നീതിയുടെ തകര്‍ച്ചയാണ് പേളിന്റെ കൊലപാതകികളെ വെറുതെ വിട്ട വിധിയെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.