പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിയാൽകോട്ടിൽ ഉദ്ഘാടനം ചെയ്ത പിസ ഹട്ട് ഔട്ട്ലെറ്റ് വ്യാജമാണെന്ന് യഥാർത്ഥ കമ്പനി വ്യക്തമാക്കി. ഇതോടെ മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനവും ട്രോളുകളും ഉയർന്നു.
ഇന്ത്യയുടെ സിന്ദൂർ ഓപ്പറേൽന് പിന്നാലെ പ്രസ്താവയുദ്ധത്തിനിറങ്ങിയ പാക് മന്ത്രിമാർക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഇതിന് പിന്നാലെ പാക് മന്ത്രിമാർ നിരന്തരം ട്രോളുകൾക്ക് വിധേയമാക്കപ്പെട്ടു. ഇന്നും അതിനൊരു കുറവില്ലെന്നാണ് പാകിസ്ഥാനിൽ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഏറ്റവും ഒടുവിലായി പാകിസ്ഥാനിലെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് വീണ്ടും സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷമായ വിമർശനത്തിന് വിധേയമായത്. അദ്ദേഹം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പിസ ഹട്ട് വ്യാജമായിരുന്നെന്ന് യഥാർത്ഥ കമ്പനി ഉടമകൾ വ്യക്തമാക്കിയതോടെയാണ് ഖ്വാജ ആസിഫിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.
ഒറിജിനല്ല, വ്യാജൻ
പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിയാൽകോട്ടിൽ ഒരു 'പിസ്സ ഹട്ട്' ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ യുഎസ് ആസ്ഥാനമായുള്ള ഭക്ഷ്യ ശൃംഖല, സിയാൽകോട്ടിലെ ഔട്ട്ലെറ്റ് വ്യാജനാണെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രിക്കെതിരെ ട്രോളുകളുടെ പൂരമായിരുന്നു. സിയാൽകോട്ട് കന്‍റോൺമെന്‍റിലെ ഔട്ട്‌ലെറ്റ്, 'പിസ ഹട്ട്' എന്ന തങ്ങളുടെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുകയാണെന്നും സംഭവം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഈ ഔട്ട്‌ലെറ്റ് പിസ്സ ഹട്ട് പാകിസ്ഥാനുമായോ യം! ബ്രാൻഡുകളുമായോ അഫിലിയേറ്റ് ചെയ്തിട്ടില്ല, കൂടാതെ പിസ്സ ഹട്ട് ഇന്‍റർനാഷണൽ പാചകക്കുറിപ്പുകളോ ഗുണനിലവാര പ്രോട്ടോക്കോളുകളോ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കുന്നില്ല. അടിയന്തര നടപടിക്കായി ഞങ്ങൾ ഈ വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. പിസ്സ ഹട്ടിന്‍റെ മാതൃ കമ്പനിയായ യം! ബ്രാൻഡുകൾ ഒരു പ്രമുഖ അമേരിക്കൻ മൾട്ടിനാഷണൽ ഫാസ്റ്റ്-ഫുഡ് കോർപ്പറേഷനാണ്. പിസ്സ ഹട്ട് പാകിസ്ഥാൻ, നിലവിൽ രാജ്യവ്യാപകമായി 16 ഔദ്യോഗിക സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നു. ലാഹോറിൽ 14 ഉം ഇസ്ലാമാബാദിൽ 2 ഉം ഔട്ട്ലെറ്റുകളാണ് ഉള്ളതെന്നും കമ്പനി വ്യക്തമാക്കി.
ഇതോ പ്രതിരോധ മന്ത്രി?
പിസ ഹട്ടിന്‍റെ ഔദ്ധ്യോഗിക വിശദീകരണത്തിന് പിന്നാലെ പാക് സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഒരു പ്രതിരോധമന്ത്രിക്ക് താൻ ഉദ്ഘാടനം ചെയ്യുന്നത് ഒരു വ്യാജ കമ്പനിയാണോയെന്ന് പോലും അറിയാനുള്ള മാർഗ്ഗമില്ലേയെന്ന് നിരവധി പേരാണ് ചോദിച്ചത്. ഇത്തരമൊരു പ്രതിരോധ മന്ത്രി എങ്ങനെയാണ് ഓറിജിനൽ ആയുധങ്ങൾ വാങ്ങാൻ കരാർ കൊടുക്കുകയെന്ന് മറ്റൊരു കാഴ്ചക്കാരൻ ചോദിച്ചു. മറ്റ് ചിലർ സിന്ദൂർ ഓപറേഷൻറെ സമയത്ത് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതിന്‍റെ തെളിവായി 'സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള വ്യാജ ചിത്രങ്ങൾ പാക് പാർലമെന്‍റിൽ ഉയർത്തിക്കാട്ടിയതിന് ഖ്വാജ ആസിഫിനെ സിഎൻഎൻ അവതാരകൻ കളിയാക്കിയത് ചൂണ്ടിക്കാണിച്ചു. പ്രതിരോധ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സൈന്യത്തിന്‍റെ അസ്ഥ എന്താകുമെന്ന് മറ്റ് ചിലർ പരിതപിച്ചു.


