ലാഹോര്‍: കൊവിഡ് 19 വ്യാപനം തടയാന്‍ കാലുകള്‍ പൊതിഞ്ഞ് സൂക്ഷിക്കണമെന്ന പാക് മന്ത്രിയുടെ നിര്‍ദേശത്തിന് വ്യാപക പരിഹാസം. സാമൂഹ്യ അകലം പാലിക്കാനും കൈകള്‍ ഇടവിട്ട് കഴുകാനും മാസ്ക് ധരിക്കാനും മുഖത്തും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കുമ്പോഴാണ് പാക് മന്ത്രിയുടെ പരാമര്‍ശം വലിയ രീതിയില്‍ പരിഹസിക്കപ്പെടുന്നത്. പാകിസ്ഥാനിലെ വാര്‍ത്താ വിനിമയ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ ഫിര്‍ദൌസ് ആഷിഖ് അവന്‍റെ പ്രസ്താവനയാണ് ട്രോളുകളായി നിറയുന്നത്. 

മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ  വൈറസ് നിലത്ത് കൂടി വരുന്നത് തടയാന്‍ കാലുകള്‍, പാദങ്ങള്‍ എന്നിവ സംരക്ഷിക്കണം. ഈ കാര്യം നിങ്ങള്‍ മനസില്‍ സൂക്ഷിക്കണം. ഇതും ആരോഗ്യ ശാസ്ത്രത്തിന്‍റെ ഭാഗമാണെന്നും ഫിര്‍ദൌസ് ആഷിഖ് അവാന്‍ പറയുന്നു. മാധ്യമ  പ്രവര്‍ത്തകയായ നൈല ഇനായത്ത് ആണ് മന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ ട്വീറ്റ് ചെയ്തത്. 

കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. ഏപ്രില്‍ 18 ന് പങ്കുവച്ചിരിക്കുന്ന വീഡിയോ എണ്‍പത്തിയെട്ടായിരത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. വൈറസ് നിലത്ത് കൂടി വരും എന്ന കുറിപ്പോടെയാണ് നാലിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നൈറോബി ഗവര്‍ണറായ മൈക്ക് സോങ്കോ കൊവിഡ് 19 വ്യാപനം തടയാന്‍ ചെറിയ ബോട്ടിലുകളില്‍ മദ്യം വിതരണം ചെയ്തത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു.