4,300 ഏക്കറാണ് വിസ്തൃതി. പാകിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. വര്‍ഷത്തില്‍ നാല് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് രൂപകല്‍പന.

ഇസ്ലാമാബാദ്‌: നിർമാണം പൂർത്തിയായ പാകിസ്ഥാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരും വിമാനങ്ങളുമില്ലാതെ പ്രതിസന്ധിയിൽ. ചൈനയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ഗ്വാദര്‍ വിമാനത്താവളമാണ് അടച്ചിട്ടിരിക്കുന്നത്. ഏകദേശം 2080 കോടി രൂപയാണ് നിർമാണ ചെലവ്. 2024 ഒക്ടോബറില്‍ പണി പൂര്‍ത്തിയാകുകയും 2025 ജനുവരി 20ന് വിമാനത്താവളം ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ, വെറും ഒരുമാസം കൊണ്ട് അടച്ചിടേണ്ട അവസ്ഥയിലായി. 2019 ലാണ് ഗ്വാദര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

4,300 ഏക്കറാണ് വിസ്തൃതി. പാകിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. വര്‍ഷത്തില്‍ നാല് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് രൂപകല്‍പന. എന്നാൽ ഉദ്ഘാടന ശേഷം വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടില്ല. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി.)യുടെ ഭാഗമാണ് ഗ്വാദര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്‍റെ നിര്‍മ്മാണം.

ബലൂചിസ്താനിലെ ഉൾ പ്രദേശമാണ് ഗ്വാദര്‍. ഗ്വാദറില്‍ അന്താരാഷ്ട്രവിമാനത്താവളം വന്നത് വികസനം കൊണ്ടുവരുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ വിമാനത്താവളം പാകിസ്ഥാന് വേണ്ടിയല്ല, ചൈനക്ക് വേണ്ടിയാണ് നിർമിച്ചതെന്ന് ആരോപണമുയർന്നു. കടുത്ത സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണ് ബലൂചിസ്താൻ.