അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ എൻബിസി ന്യൂസിൻ്റെ ഹെലികോപ്ടർ പാർക്കിങ് ഏരിയയിലേക്ക് തകർന്നുവീണ് മൂന്നു മരണം. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴുമണിയോടെ ആണ് സംഭവം.

ലോസ് ഏഞ്ചൽസ്: അമേരിക്കൻ ദൃശ്യമാധ്യമമായ എൻബിസി ന്യൂസിൻ്റെ ഹെലികോപ്ടർ പാർക്കിങ് ഏരിയയിലേക്ക് തകർന്നുവീണ് മൂന്നു മരണം. ലോസ് ഏഞ്ചൽസിലെ ചാറ്റ്സ്‍വർത്തിന് സമീപം ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴുമണിയോടെ ആണ് അപകടമുണ്ടായത്. വാ‍ർത്താ സംഘം ബസപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആണ് ​ഹെലികോപ്ട‍ർ തകർന്നുവീണത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം എൻബിസി4 ലോസ് ഏഞ്ചൽസ് അവതാരക കോളീൻ വില്യംസ് ലൈവിനിടെ സ്ഥിരീകരിച്ചു.

രണ്ടുപേർ മരണപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആണ് വാർത്താ സംഘത്തിൻ്റെ ഹെലികോപ്ടർ തകർ‌ന്നുവീണതെന്ന് ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നിരവധി വാഹനങ്ങൾ പാ‍ർ‌ക്ക് ചെയ്തിരുന്ന ഒരുനില കെട്ടിടത്തിൻ്റെ പ‍ാർക്കിങ് ഏരിയയിലേക്കാണ് ഹെലികോപ്ട‍ർ തകർന്നുവീണതെന്ന് ലോസ് ഏഞ്ചൽസ് ഫയ‍‍ർ ഡിപ്പാർട്ട്മെൻ്റ് വക്താവ് ക്യാപ്റ്റൻ ബ്രാൻഡൻ സിൽവ‍ർമാൻ പറഞ്ഞു.

Scroll to load tweet…

ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എത്ര പേർ മരിച്ചുവെന്നത് വ്യക്തതയില്ല. മരണപ്പെട്ടവരിൽ ഒരാൾ പാർക്കിങ് ഏരിയയിൽ നിന്നയാളാണെന്നും അദ്ദേഹം അറിയിച്ചു. ഹെലികോപ്ടറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഫയ‍‍ർ ഡിപ്പാർട്ട്മെൻ്റ് വക്താവ് കൂട്ടിച്ചേ‍ർത്തു.

അപകടത്തിൽപെട്ട ഹെലികോപ്ടറിൽനിന്ന് പകർത്തിയ ബസപകടത്തിൻ്റെ ദൃശ്യങ്ങളും ഹെലികോപ്ടർ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തത്സമയ സംപ്രേഷണത്തിനിടെ എൻബിസി4 ലോസ് ഏഞ്ചൽസ് അവതാരക കോളീൻ വില്യംസ് അപകടവിവരം സ്ഥിരീകരിച്ചു. വാർത്ത അവതരിപ്പിക്കുന്നതിനിടെ അവതാരകയുടെ വാക്കുകൾ ഇടറുന്നതും കേൾക്കാം.

Scroll to load tweet…

അപകടത്തിന് പിന്നാലെ 50ലധികം ഫയർ ഫൈറ്റർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്ടറിന് തീപിടിച്ചു നാല് വാഹനങ്ങളും രണ്ട് സ്റ്റോറേജ് കണ്ടെയ്നറുകലും കത്തിനശിച്ചു. അപകടത്തിൽ ഹെലികോപ്ടർ പൂർണമായും കത്തിനശിച്ചതായി ഫയ‍‍ർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അപകടം നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷിക്കും.