പ്രതിപക്ഷ നേതാവും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരി ട്വിറ്ററിലൂടെ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന കാര്യം വെളിപ്പെടുത്തി.

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ (Pakistan) പ്രധാനമന്ത്രി ഇമ്രാൻ ഖാന് (Imran Khan) ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പാക്കി പാകിസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കം. ഏപ്രില്‍ 8ന് അവിശ്വാസ വോട്ടെടുപ്പിന് എടുക്കാനിരിക്കെ പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ ഇമ്രാന്‍റെ സഖ്യ സർക്കാരിന്റെ പ്രധാന സഖ്യകക്ഷി ചൊവ്വാഴ്ച രാത്രി വൈകി പ്രതിപക്ഷവുമായി ധാരണയായതായി റിപ്പോർട്ട്. ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

പ്രതിപക്ഷ പാർട്ടികളുമായി കരാറില്‍ എത്തിയതായി മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (MQM-P) വക്താവിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെ ഇമ്രാന്‍റെ കൂട്ടുകക്ഷിയായിരുന്ന എംക്യുഎം-പിയുടെ ദേശീയ കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ പാർട്ടി അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് അറിയുന്നത്.

പ്രതിപക്ഷ നേതാവും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരി ട്വിറ്ററിലൂടെ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന കാര്യം വെളിപ്പെടുത്തി. “ഐക്യ പ്രതിപക്ഷവും എംക്യുഎമ്മും ധാരണയിൽ എത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ നാളെ ഒരു പത്രസമ്മേളനത്തിൽ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കിടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

പ്രധാനമന്ത്രി ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സർക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും, അരക്ഷിതാവസ്ഥയ്ക്കും രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്ക് ഉത്തരവാദിയെന്ന് ആരോപിച്ചാണ് സംയുക്തമായി പ്രതിപക്ഷ പാർട്ടികൾ മാർച്ച് എട്ടിന് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിന് മുമ്പാകെ അവിശ്വാസ പ്രമേയം സമർപ്പിച്ചത്. അന്ന് മുതല്‍ പാകിസ്ഥാന്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. 

പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് അടങ്ങുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ ആയിരുന്നു ഇമ്രാന്‍ ഖാന്‍ നയിച്ചിരുന്നത്. 342 അംഗ ദേശീയ അസംബ്ലിയിൽ പിടിഐക്ക് 155 അംഗങ്ങളുണ്ട്, അധികാരം നിലനിർത്താൻ കുറഞ്ഞത് 172 എംഎൽഎമാരെങ്കിലും വേണം. വിമതന്മാരുടെ ശല്യവും ഇമ്രാന്‍ നേരിടുന്നുണ്ട്.

വൻ ശക്തി പ്രകടനവുമായി ഇമ്രാൻ ഖാൻ, ഇനി നിർണായകം അവിശ്വാസപ്രമേയം

രാജിവയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല