ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
ഇസ്ലാമബാദ്: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉൾപ്പടെ നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
ഗൂഢാലോചന ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയ്ക്കൊപ്പം ലോകേഷ് ശർമ്മ,കമാൽ ചൗഹാൻ,രജീന്ദർ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പന്ത്രണ്ടു വർഷം നീണ്ടു നിന്ന നിയമനടപടികൾക്കൊടുവിലാണ് സംഝോത കേസിൽ കോടതി വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാനിലുള്ള 13 സാക്ഷികളെ ഇന്ത്യയിലെത്തി മൊഴി നൽകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് പഞ്ച്കുള കോടതി അന്തിമ വിധി പറഞ്ഞത്. കഴിഞ്ഞ തവണ ഈ അപേക്ഷ വന്നതോടെയാണ് വിധി മാറ്റിവച്ചതെന്നും വേണ്ടത്ര സമയം നല്കിയിട്ടും പാക്കിസ്ഥാനിൽ നിന്നുള്ള സാക്ഷികൾ ഹാജരായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
നിരവധി സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിച്ചു. 2007 ഫെബ്രുവരി 18 ന് ദില്ലിയില്‍നിന്നും ലാഹോറിലേക്ക് തിരിച്ച ട്രെയിനിലെ സ്ഫോടനത്തിൽ 68 പേരാണ് മരിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിലാണ് തെളിവു ഹാജരാക്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടതിനെ തുടന്ന് പ്രതികളെ വെറുതെ വിട്ടത്.
