പാക് തടവില്‍ കഴിഞ്ഞ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി മോചിപ്പിച്ചു. 

ഇസ്ലാമാബാദ്: പാക് തടവില്‍ കഴിഞ്ഞ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി മോചിപ്പിച്ചു. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ലക്ഷ്യമെന്ന് അവകാശവദമുന്നയിച്ച് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം 100 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യക്ക് കൈമാറിയിരുന്നു.

ഇപ്പോള്‍ വിട്ടയച്ച മത്സ്യത്തൊഴിലാളികളെയും നേരത്തേതിന് സമാനമായി വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. പലപ്പോഴായി സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് പാകിസ്ഥാന്‍ തൊഴിലാളികളെ തടങ്കലിലാക്കിയത്. എന്നാല്‍ ബോട്ടില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികളെ അടക്കം പാകിസ്ഥാന്‍ തടവിലാക്കിയിരുന്നെന്ന് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

അടുത്ത നൂറ് പേരെക്കൂടി ഏപ്രില്‍ 22ന് പാകിസ്ഥാന്‍ വിട്ടയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 355 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 55 പേരെയും ഉടന്‍ ഇന്ത്യക്ക് കൈമാറും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച ഇരുന്നൂറിലധികം പാക് തൊഴിലാളികള്‍ ഇന്ത്യന്‍ ജയിലില്‍ തടങ്കലിലുണ്ട്.

 355 പേരെ വിട്ടയച്ചതോടെ ഇന്ത്യന്‍ തടങ്കലിലുള്ളവരെയും വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സമുദ്രാതിര്‍ത്തികള്‍ തിരിച്ചറിയാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.