ഇസ്ലാബാദ്: കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണത്തിന് സന്നദ്ധരെ ലഭിക്കാതെ വട്ടം കറങ്ങ പാക്കിസ്ഥാന്‍. ചൈന നിര്‍മ്മിക്കുന്ന പ്രതിരോധ മരുന്നിന്റെ വിവിധ രാജ്യങ്ങളില്‍ നടത്തേണ്ട മൂന്നാംഘട്ട പരീക്ഷണത്തിനായാണ് സന്നദ്ധരെ ലഭിക്കാത്തത്. 

''സമൂഹ മാധ്യമങ്ങളിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരുന്ന് പരീക്ഷണത്തിന് ആളുകളെ ലഭിക്കുന്നില്ല. '' - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കളായ കാന്‍സിനോ ബയോളജീസും മിലിറ്ററി മെഡിക്കല്‍ സയന്‍സ് അക്കാദമിയും മനിര്‍മ്മിക്കുന്ന എഡി5-എന്‍കോവ് എന്ന പ്രതിരോധ മരുന്നിന്റെ അവസാന ഘട്ട പരീക്ഷണത്തിന്  സെപ്തംബറില്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. പകരം കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തില്‍ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കും. 

അര്‍ജന്റിന, ചിലി, മെക്‌സികോ, സൗദി അറേബ്യ, റഷ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി ജനുവരി 2022 ഓടെ 40000 പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപിച്ചതോടെ പാക്കിസ്ഥാന്‍ വ്യാപകമായി ചൈനീസ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്.  ഇത് പാക്കിസ്ഥാനിലെ മാത്രം പ്രശ്‌നമല്ലെന്നും ആഗോളതലത്തില്‍ മരുന്ന് പരീക്ഷണത്തിന് ആളുകളെ ലഭിക്കുന്നില്ലെന്നും എന്‍ഐഎച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.