അഫ്​ഗാൻ അംബാസഡറെ വിളിച്ചുവരുത്തി പാകിസ്ഥാൻ. മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശന വേളയിലാണ് പാകിസ്ഥാൻ അഫ്​ഗാൻ അംബാസഡറെ വിളിച്ചുവരുത്തിയത്.

ദില്ലി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ തങ്ങളുടെ ശക്തമായ എതിർപ്പ് അറിയിക്കാൻ പാകിസ്ഥാൻ ശനിയാഴ്ച അഫ്ഗാൻ അംബാസഡറെ വിളിച്ചുവരുത്തി. വ്യാഴാഴ്ച ദില്ലിയിൽ വിമാനമിറങ്ങിയ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശന വേളയിലാണ് പാകിസ്ഥാൻ അഫ്​ഗാൻ അംബാസഡറെ വിളിച്ചുവരുത്തിയത്. സംയുക്ത പ്രസ്താവനയിൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ പാകിസ്ഥാന്റെ ശക്തമായ എതിർപ്പ് അഫ്ഗാൻ പ്രതിനിധിയെ അഡീഷണൽ വിദേശകാര്യ സെക്രട്ടറി അറിയിച്ചതായി വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി പരാമർശിക്കുന്നത് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അറിയിച്ചുവെന്നും പാകിസ്ഥാൻ വ്യക്തമാക്കി. 

ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും ഇന്ത്യൻ ജനതയോടും സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. പ്രാദേശിക രാജ്യങ്ങളിൽ നിന്ന് ഉയർന്നുവരുന്ന എല്ലാ ഭീകരപ്രവർത്തനങ്ങളെയും അപലപിച്ചു. ഭീകരവാദം പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നമാണെന്ന മുത്തഖിയുടെ വാദവും ഇസ്ലാമാബാദ് തള്ളി. 

ഭീകരത നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്ഥാനിലേക്ക് മാറ്റുന്നത്, പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള അഫ്ഗാൻ ഇടക്കാല സർക്കാരിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. നാല് പതിറ്റാണ്ടിലേറെയായി ഏകദേശം നാല് ദശലക്ഷം അഫ്ഗാനികൾക്ക് അഭയം നൽകിയിട്ടുണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സമാധാനം തിരിച്ചുവന്നതോടെ, രാജ്യത്ത് താമസിക്കുന്ന അനധികൃത അഫ്ഗാൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണമെന്ന് പാകിസ്ഥാൻ ആവർത്തിച്ചു.