ഇന്ത്യയില്‍ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദില്ലി: കര്‍ണാടകയിലെ ഹിജാബ് (Hijab) നിരോധനം വലിയ വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ (Indian diplomat) വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ (Karnataka Hijab Ban) ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാൻ വിളിച്ച് വരുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു.
ഇന്ത്യയില്‍ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര്‍ണ്ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം ഇന്ത്യൻ ഗവൺമെന്‍റ് തടയണമെന്നും മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ബംഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവികൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്‍റെ ആരോപണം. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.
അതേസമയം കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കെ അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നിരുന്നു. ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
