ലാഹോര്‍: പാകിസ്ഥാനില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സഹായവുമായി ചൈന. ഇതുവരെ 4,788 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് പേരാണ് പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 190 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് കൂടുതല്‍ സഹായവുമായി രംഗത്ത് വന്നത്. വെന്റിലേറ്ററുകള്‍ അടക്കം കൊവിഡിനെ നേരിടാനുള്ള ആവശ്യ സാധാനങ്ങളാണ് ചൈന പാകിസ്ഥാന് നല്‍കുന്നത്. പ്രത്യേക വിമാനത്തില്‍ ആദ്യ ഘട്ടമായി കുറച്ച് ആവശ്യ സാധനങ്ങള്‍ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ എത്തുമെന്നും പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി അറിയിച്ചു. അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കുന്നതിനെതിരെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാന്‍ കാരണമാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം കൂടുന്നതില്‍ ആശങ്കയുണ്ടെന്നും ലോകാരോഗ്യ അറിയിച്ചു. കഴിഞ്ഞ 30 ദിവസത്തിനിടെ 95,00 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.