ദില്ലി: ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇസ്ലാമിക രാജ്യങ്ങളുടെ യോഗം പാക്കിസ്ഥാനിൽ നടക്കും. നേരത്തെ സൗദി അറേബ്യയിൽ യോഗം നടത്തുമെന്നായിരുന്നു വിവരം. 57 അംഗ ഓ‍ര്‍ഗനൈസേഷൻ ഫോര്‍ ഇസ്ലാമിക് കോപറേഷന്റെ യോഗം പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് നടക്കുക.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പാകിസ്ഥാന്‍ സൗദിയോട് കര്‍ശനമായി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക ഉച്ചക്കോടി വിളിച്ചു ചേര്‍ക്കാം എന്ന് സൗദി അറേബ്യ നല്‍കിയത്. 

നേരത്തേയും ഇതേ ആവശ്യം പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഒഐസിയിലെ പ്രധാനികളായ സൗദിയും യുഎഇയും ഇന്ത്യന്‍ നിലപാടിനൊപ്പമായിരുന്നതിനാല്‍ തള്ളപ്പെട്ടിരുന്നു.

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന്‍ നടത്തിയ കരുനീക്കമാണ് കശ്‍മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത്‍. കഴിഞ്ഞ ദിവസം സൗദി അറേബ്യയെ മറികടന്ന് മലേഷ്യ ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചകോടി വിളിച്ചിരുന്നു. സൗദിയടക്കം പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. 

ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ച യോഗം, ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുമായി ബന്ധമില്ലാത്തതാണെന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചത്. മലേഷ്യയെ കൂടാതെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഇവയെല്ലാം തന്നെ സൗദിയുമായി ഇടഞ്ഞു നില്‍ക്കുന്ന രാജ്യങ്ങളാണ്. 

ഇന്തോനേഷ്യയും പാകിസ്താനും ഉച്ചകോടിയില്‍ ഉണ്ടാവുമെന്ന് നേരത്തെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അറിയിച്ചിരുന്നുവെങ്കിലും ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ ഉച്ചകോടിക്കെത്തിയില്ല.  സൗദി അറേബ്യയുടെ സമ്മര്‍ദ്ദം മൂലമാണ് ഇരുരാഷ്ട്രങ്ങളും ഉച്ചക്കോടിയില്‍ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.

ഇമ്രാന്‍ഖാന്‍ യോഗത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍മാറി. ഇമ്രാന്‍റെ പിന്മാറ്റം പാകിസ്ഥാന് അകത്ത് തന്നെ വലിയ വിമര്‍ശനമുണ്ടാക്കുകയും ചെയ്തു.  മലേഷ്യന്‍ ഉച്ചകോടിയില്‍ നിന്നും വിട്ടുനിന്നതിന് പാകിസ്ഥാനെ നേരിട്ട് നന്ദി അറിയിക്കാന്‍ കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഇസ്ലാമാബാദിലെത്തിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്ക് ശേഷമുള്ള ഇന്ത്യയിലെ സാഹചര്യവും പാകിസ്ഥാന്‍ ചര്‍ച്ചയാക്കും എന്നാണ് സൂചന.  സ്ഥിതി നിരീക്ഷിക്കുകയാണ് എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും യുഎഇയും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായതിനാൽ ഇക്കാര്യത്തില്‍ കരുതലോടെയാവും ഇന്ത്യയുടെ തുടര്‍ നടപടികള്‍.