ദില്ലി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ 'അറീ' ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്‍മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. ഇന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ഫെഡറൽ ക്യാബിനറ്റ് യോഗം ചേർ കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കശ്മീർ പ്രശ്നം ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ഇടയിൽ മാത്രം ചർച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്‍റെ നിലപാടിനോടാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്‍പർ പിന്തുണ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗുമായി മാർക് എസ്‍പർ ഫോൺ വഴി ചർച്ച നടത്തി.

തുടര്‍ന്നു വായിക്കാം: 'കശ്മീര്‍' ആഭ്യന്തര വിഷയം തന്നെ; ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ

മൂന്നാമതൊരാളില്ലാതെ ഇരുരാജ്യങ്ങൾക്കുമിടയിൽ മാത്രമേ കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ കഴിയൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ചർച്ച നടക്കണമെങ്കിൽ അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ ചർ‍ച്ച നടക്കൂ എന്നും ജമ്മു കശ്മീർ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിനും സമമെന്നും രാജ്‍നാഥ് സിംഗ് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

തുടര്‍ന്നു വായിക്കാം:'ഇന്ത്യക്കെതിരായ അക്രമങ്ങൾ സമാധാനമുണ്ടാക്കില്ല', മോദി ട്രംപിനോട് ഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിളിച്ച അമേരിക്കൻ പ്രസിഡന്‍റ് , കടുത്ത പ്രസ്‍താവനകള്‍ നിയന്ത്രിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും പ്രശ്നമുന്നയിക്കാൻ ശ്രമിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രശ്നം ചർച്ച ചെയ്ത ശേഷം, ഇന്ത്യയും പാകിസ്ഥാനും കശ്മീർ പ്രശ്നം ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവ‍ർത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രധാനമന്ത്രി പ്രസിഡന്‍റ് ട്രംപിനോട് സംസാരിച്ചത്.

നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചയിൽ മാധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോടാവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രവിദേശകാര്യമന്ത്രാലയം ഈ വെളിപ്പെടുത്തൽ പൂർണമായും നിഷേധിച്ചു. കശ്മീർ പ്രശ്നം ഉഭയകക്ഷിപ്രകാരം മാത്രമേ പരിഹരിക്കാനാകൂ എന്നും, മൂന്നാമതൊരാൾ ഇതിനിടയിലുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇമ്രാൻ ഖാനോടും ഡോണൾഡ് ട്രംപ് സംസാരിച്ചു. മേഖലയിലെ സമാധാനത്തിന് ഭീഷണികളുണ്ടെന്ന് ഇമ്രാൻ വൈറ്റ് ഹൗസിനെ അറിയിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് ഇമ്രാൻ ഖാൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നിലപാടിൽ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാൻ അവകാശമുണ്ടെന്ന് രാജ്‍നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത് ഇനി പാക് അധീനകശ്മീരിനെ മോചിപ്പിക്കുമെന്നാണ്. 1947- മുതൽ ഈ പ്രദേശം പാകിസ്ഥാന് കീഴിലാണ്.