പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ അലി, ആസിം എന്നിവർ പാക് പൌരന്മാർ മാത്രമല്ല പാകിസ്ഥാൻ ആർമി കമാൻഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നാണ് പാക് മാധ്യമപ്രവർത്തകൻ പറഞ്ഞത്
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാകിസ്ഥാൻ പട്ടാളത്തിന്‍റെ കമാൻഡോകളാണെന്ന് പാക് മാധ്യമപ്രവർത്തകൻ അഫ്താബ് ഇഖ്ബാൽ. ലഷ്കർ-ഇ-തൊയ്ബയുമായും പാകിസ്ഥാൻ സൈന്യവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ചാണ് വെളിപ്പെടുത്തൽ.
പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ അലി, ആസിം എന്നിവർ പാക് പൌരന്മാർ മാത്രമല്ല പാകിസ്ഥാൻ ആർമി കമാൻഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നാണ് പാക് മാധ്യമപ്രവർത്തകൻ പറഞ്ഞത്. ഇരുവരും ലഷ്കർ-ഇ-തൊയ്ബയുമായി ദീർഘകാലമായി ബന്ധമുള്ളവരാണെന്നും പാക് സൈനിക, ഇന്‍റലിജൻസ് ശൃംഖലയുമായി അടുത്ത ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
"അവർ വെറും തീവ്രവാദികളായിരുന്നില്ല. പരിശീലനം ലഭിച്ച കമാൻഡോകളായിരുന്നു, പൂർണ്ണ പിന്തുണയോടെ അതിർത്തി കടന്നുള്ള ദൗത്യങ്ങൾക്ക് അനുവാദമുള്ള സംവിധാനത്തിൽ ഉൾപ്പെട്ടവർ. അവരിലൊരാൾ ചാരനായ കമാൻഡോ ആയിരുന്നു." എന്നാണ് അഫ്താബ് ഇഖ്ബാലിന്‍റെ വെളിപ്പെടുത്തൽ.
തൽഹയും ആസിമും അതിർത്തി കടന്നുള്ള ദൗത്യങ്ങൾക്കായി പതിവായി വിന്യസിക്കപ്പെട്ടിരുന്നു. അവരുടേത് ഒറ്റപ്പെട്ട ഭീകരവാദമല്ല. മറിച്ച് ഭീകരത, ചാരവൃത്തി, സൈനിക ഇടപെടൽ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് അഫ്താബ് ഇഖ്ബാൽ പറഞ്ഞു.
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഉൾപ്പെട്ട അലി ഭായ് എന്ന തൽഹ (പാകിസ്ഥാൻ), ആസിഫ് ഫൗജി (പാകിസ്ഥാൻ), ആദിൽ ഹുസൈൻ തോക്കർ, അഹ്സാൻ (കാശ്മീർ നിവാസികൾ) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹാഷിം മൂസ എന്ന സുലൈമാൻ കഴിഞ്ഞ വർഷം ജമ്മു കശ്മീരിൽ സജീവമായിരുന്നുവെന്ന് എൻഐഎ പറയുന്നു. സുരക്ഷാ സേനയ്ക്കും നാട്ടുകാർക്കുമെതിരായ കുറഞ്ഞത് മൂന്ന് ആക്രമണങ്ങളിലെങ്കിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.


