കറാച്ചി: കൊവിഡ് 19 രോഗിയോടൊപ്പം സെല്‍ഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പാകിസ്താനിലാണ് സംഭവം. കൊവിഡ് 19 ബാധിതനായ രോഗിയോടൊപ്പം ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കൂടുതല്‍ പേരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സിന്ധ് പ്രവിശ്യയിലെ സുക്കൂറിലാണ് സംഭവം.

സെല്‍ഫിയില്‍ ഉള്‍പ്പെട്ട ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സുക്കൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ക്വറന്റൈന്‍ കേന്ദ്രം പ്രാദേശിക രാഷ്ട്രീയ നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു ഇവര്‍. ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്.

വൃത്തത്തിനുള്ളില്‍ നില്‍ക്കുന്നയാള്‍ക്കാണ്  കൊവിഡ് 19 ബാധിച്ചത്

കൊവിഡ് ബാധയെ തുടര്‍ന്ന് പാകിസ്ഥാന്‍ സ്വാത് താഴവര അടച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 700 പേരെ സിന്ധ് പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 892 ആയി ഉയര്‍ന്നു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.