Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ കെനിയയില്‍ വെടിയേറ്റ് മരിച്ചു

 മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം.

Pakistani journalist Arshad Sharif shot dead in Kenya
Author
First Published Oct 24, 2022, 4:03 PM IST


ഇസ്ലാമാബാദ്: ഈ വര്‍ഷമാദ്യം പാകിസ്ഥാനിന്‍റെ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാൻ മുതിർന്ന മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ് (49) കെനിയയിൽ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്‍റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററില്‍ കുറിച്ചു. ഇമ്രാൻ ഖാന്‍റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റിൽ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാടുവിട്ട ഷെഹ്ബാസ് കെനിയയില്‍ അഭയം തേടുകയായിരുന്നു. 

രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാന്‍ ഖാനെ ഉയർത്തിക്കാട്ടാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ശ്രമിക്കുന്നതായി അഭിമുഖത്തിൽ ഗിൽ വിമർശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അർഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും അദ്ദേഹം രാജ്യം വിട്ടതും. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. എആര്‍വൈ ടിവിയുടെ മുൻ റിപ്പോർട്ടറും ടിവി അവതാരകനുമായിരുന്നു അർഷാദ് ഷെരീഫ്. എന്നാല്‍ കേസിന് പിന്നാലെ ഇദ്ദേഹം സ്ഥാപനത്തില്‍ നിന്ന് രാജിവച്ചതായി എആര്‍വൈ നെറ്റ് വര്‍ക്ക് അറിയിച്ചു. 

“എനിക്ക് ഇന്ന് സുഹൃത്തിനെയും ഭർത്താവിനെയും എന്‍റെ പ്രിയപ്പെട്ട പത്രപ്രവർത്തകനെയും നഷ്ടപ്പെട്ടു, കെനിയയിൽ വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു,” അദ്ദേഹത്തിന്‍റെ ഭാര്യ ട്വിറ്ററില്‍ കുറിച്ചു. "ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക, ഞങ്ങളുടെ കുടുംബ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ അവസാന ചിത്രങ്ങളും പങ്കിടരുത്. പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കുക." അവർ കൂട്ടിച്ചേർത്തു.

കെനിയയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനില്‍ നിന്ന് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ പറഞ്ഞു. 1973 ൽ തുറമുഖ നഗരമായ കറാച്ചിയിൽ ജനിച്ച ഷെരീഫ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 2019-ൽ പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് അൽവി അദ്ദേഹത്തിന് 'പ്രൈഡ് ഓഫ് പെർഫോമൻസ്' അവര്‍ഡ് നൽകി ആദരിച്ചിരുന്നു. 

"ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്" എന്ന ഡോക്യുമെന്‍ററി സിനിമയുടെ ട്രെയിലറിലാണ് അർഷാദ് ഷെരീഫിനെ അവസാനമായി കണ്ടത്. "അർഷാദ് ഷെരീഫിന്‍റെ മരണം പത്രപ്രവർത്തനത്തിനും പാകിസ്ഥാനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഈ നഷ്ടം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ," പ്രസിഡന്‍റ് അൽവി ട്വീറ്റിൽ കുറിച്ചു. ഷരീഫിന്‍റെ മരണത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios