ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ഉയർത്തുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ വ്യക്തമായ തെളിവുകളൊന്നും തന്നെ ഇല്ലെന്ന് പറയുന്ന ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ, പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിൽ പാകിസ്ഥാൻ വരുത്തിയെന്ന് പറയപ്പെടുന്ന നാശനഷ്ടങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് ഈ മാധ്യമ പ്രവർത്തകൻ, വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്. " അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ പാകിസ്ഥാന്റെ കൈവശം ഒരു തെളിവുമില്ല, അതേസമയം ഇന്ത്യ, അവർ നടത്തിയ ആക്രമണങ്ങൾ തെളിയിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ എല്ലാം കാണിച്ചു! പാകിസ്ഥാനിലുണ്ടാക്കിയ വില നാശനഷ്ടങ്ങൾ, കെട്ടിടങ്ങൾക്കും മറ്റ് നിർമിതികൾക്കുമുണ്ടായ നഷ്ടങ്ങൾ എന്നിവയെല്ലാം ഇന്ത്യ വ്യക്തമായി പ്രദർശിപ്പിച്ചു. എന്നിട്ടും പാകിസ്ഥാൻ എല്ലാം നിഷേധിക്കുകയാണെന്ന്" മാധ്യമ പ്രവർത്തകൻ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇന്ത്യയുടെ തിരിച്ചടിയിൽ നിരവധി പാകിസ്ഥാനികൾ മരിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.
സമയാസമയങ്ങളിലുള്ള വാർത്താ സമ്മേളനങ്ങളിലൂടെ ഇന്ത്യ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്ന വിശദമായ ദൃശ്യങ്ങളും വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടപ്പോൾ, പാകിസ്ഥാൻ മൗനം പാലിച്ചു. ഇന്ത്യയുടെ അവകാശവാദങ്ങളെ എതിർക്കാൻ വ്യക്തമായ തെളിവുകളൊന്നും നൽകിയില്ല. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വീഡിയോയിൽ അഹമ്മദ് സമ്മതിക്കുകയും ചെയ്തു.
ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദം പാക് പ്രതിരോധ മന്ത്രിക്ക് പോലും ന്യായീകരിക്കാനായില്ല
സിഎൻഎന്നിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, പാകിസ്ഥാൻ സേന അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് തെളിവായി അദ്ദേഹം സോഷ്യൽ മീഡിയയെ മാത്രമാണ് ഉദ്ധരിച്ചത്. "അത് സോഷ്യൽ മീഡിയയിൽ മുഴുവനുമുണ്ട്, ഞങ്ങളുടെ സോഷ്യൽ മീഡിയയിലല്ല, ഇന്ത്യൻ സോഷ്യൽ മീഡിയയിൽ" എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. "ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കാശ്മീരിൽ പതിച്ചു. ഇന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ മുഴുവനുമുണ്ട്, അവരത് സമ്മതിക്കുകയും ചെയ്തു" എന്നും ഖ്വാജ അഷ്റഫ് പറഞ്ഞു. ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിടാൻ ഉപയോഗിച്ച വിമാനം അല്ലെങ്കിൽ സ്ഥിരീകരിക്കാവുന്ന മറ്റ് തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹത്തിന് വ്യക്തമായ വിശദാംശങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല.
ഇന്ത്യൻ വ്യോമതാവളങ്ങൾ പാകിസ്ഥാൻ തകർത്തെന്ന വാദം തള്ളി
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമതാവളങ്ങൾ പാകിസ്ഥാൻ തകർത്തെന്ന റിപ്പോർട്ടുകൾ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇത്തരം വിവരങ്ങൾ പൂർണമായും തെറ്റാണെന്ന് വാർത്താ സമ്മേളനത്തിനിടെ വിംഗ് കമാൻഡർ വ്യോമിക സിങ് പറഞ്ഞിരുന്നു. പാകിസ്ഥാൻ തുടർച്ചയായി വ്യാജപ്രചരണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിങ് എന്നിവർ സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും, ഇന്ത്യൻ വ്യോമതാവളങ്ങളുടെ ടൈം സ്റ്റാമ്പോടെയുള്ള ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. അതിലൊന്നും ഒരു തകരാറും കാണാനുണ്ടായിരുന്നില്ല. പാകിസ്ഥാൻ നടത്തുന്നതെല്ലാം വ്യാജ പ്രചാരണമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിശദീകരണങ്ങൾ. ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ, ഊർജ്ജ വിതരണ സംവിധാനങ്ങൾ, സൈബർ സംവിധാനങ്ങൾ എന്നിവ പാകിസ്ഥാൻ ആക്രമിച്ചെന്ന അവകാശവാദങ്ങളും വിക്രം മിസ്രി തള്ളിക്കളഞ്ഞു. പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന നുണകളുടെ കെണിയിൽ ആളുകൾ വീഴരുതെന്ന് വിദേശകാര്യ സെക്രട്ടറി അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ഫാക്ട് ചെക്കിങ് സംവിധാനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പാകിസ്ഥാൻ മാധ്യമങ്ങളുടെ അവകാശവാദങ്ങളെ പൊളിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ നേടിയത്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ പ്രാബല്യത്തിൽ വന്നതിന്റെ തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ഇന്ത്യൻ സായുധ സേനകൾ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സംയുക്ത പത്രസമ്മേളനം നടത്തിയിരുന്നു. കരസേനയിൽ നിന്ന് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, വ്യോമസേനയിൽ നിന്ന് എയർ മാർഷൽ എ.കെ. ഭാരതി, നാവികസേനയിൽ നിന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു. മെയ് 7 മുതൽ 10 വരെ ഇന്ത്യൻ സൈന്യവുമായുള്ള വെടിവയ്പിൽ 35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ലഫ്റ്റനന്റ് ജനറൽ ഘായി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. മെയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഇന്ത്യൻ എയർലൈൻസ് വിമാന റാഞ്ചലിന്റെയും പുൽവാമ ആക്രമണത്തിന്റെയും സൂത്രധാരന്മാർ ഉൾപ്പെടെയുള്ള ഭീകരരെ വധിച്ചു. ഇന്ത്യൻ വ്യോമസേന നിരവധി പാകിസ്ഥാൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. എണ്ണം കയ്യിലുണ്ടെങ്കിലും താൻ അതിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ പൈലറ്റുമാരും സുരക്ഷിതരായി തിരിച്ചെത്തിയെന്നും ഭാരതി പറഞ്ഞു.