പാക് സൈന്യത്തിൽ വ്യക്തമായ രീതിയിൽ വിഭാഗീയതയുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ആർമി ചീഫ് ജനറൽ അസിം മുനീറും നിയന്ത്രണ രേഖയിലെ മുൻനിര കമാൻഡർമാർക്കിടയിലാണ് ഈ വിഭാഗീയതയെന്നാണ് റിപ്പോർട്ട്.
ദില്ലി: പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം. വെടിനിർത്തലിനായുള്ള വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷവും രാത്രിയിൽ പ്രകോപനം തുടരുന്നതിൽ നിന്ന് പാകിസ്ഥാൻ പൂർണമായി പിൻമാറിയിട്ടില്ല. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഡ്രോണുകൾ എത്തിച്ചാണ് പാക് പ്രകോപനം. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്. എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും ഇന്ത്യൻ കരസേന ഒദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റർ ഫോർ ലാൻഡ് വാർഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാൻ നിരീക്ഷിക്കുന്നത്.
പാക് സൈന്യത്തിൽ വ്യക്തമായ രീതിയിൽ വിഭാഗീയതയുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ആർമി ചീഫ് ജനറൽ അസിം മുനീറും നിയന്ത്രണ രേഖയിലെ മുൻനിര കമാൻഡർമാർക്കിടയിലാണ് ഈ വിഭാഗീയതയെന്നാണ് റിപ്പോർട്ട്. പാക് സൈനിക നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിയന്ത്രണ രേഖയിലെ കമാൻഡർമാർ വിട്ടുവീഴ്ച വരുത്തിയാണ് അതിർത്തിയിൽ ഡ്രോണുകൾ എത്തിക്കുന്നത്. ജനറൽ മുനീറിന്റെ അധികാരത്തിലും സേനകളുടെ അച്ചടക്കത്തിലും സംശയം ജനിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
പാക് സൈനിക ഓപ്പറേഷനുകളുടെ അധികാര ക്രമങ്ങളേക്കുറിച്ചുള്ള ധാരണയുണ്ടായാലാണ് ഈ സാഹചര്യം മനസിലാക്കാനാവുക. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നേരിട്ട് ആർമി ചീഫിനാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വെടിനിർത്തൽ സംബന്ധിയായ നിർദ്ദേശങ്ങൾ ജനറൽ മുനീറിന്റെ നിയന്ത്രണത്തിലാണ് വരിക. ഒടുവിലുണ്ടായ വെടിനിർത്തൽ ധാരണ ഡിജിഎംഒ തലത്തിലെ യോഗങ്ങളിലാണ് കൈകൊണ്ടത്. ജനറൽ മുനീറിന്റെ വ്യക്തിപരമായ അംഗീകാരം ഈ വെടിനിർത്തൽ ധാരണയ്ക്കുണ്ട്.
എന്നാൽ പ്രാദേശികമായ കമാൻഡർമാർക്ക് ഈ തീരുമാനങ്ങളിലെ വിയോജിപ്പാണ് നിലവിലെ ധാരണ ലംഘിച്ചുള്ള പ്രകോപനത്തിന് കാരണമാകുന്നത്. നയതന്ത്രപരമായ സമ്മർദ്ദം കണക്കിലെടുത്താണ് വെടിനിർത്തൽ ധാരണയ്ക്ക് ജനറൽ മുനീർ തയ്യാറായത്. ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് വെടിനിർത്തൽ ധാരണയ്ക്ക് പാക് സൈനിക മേധാവി തയ്യാറായത്. എന്നാൽ അതിർത്തിയിലെ ഇത്തരം പ്രകോപനങ്ങളോട് എല്ലാക്കാലവും ഇന്ത്യ സഹിഷ്ണുത കാണിക്കുമെന്ന് കരുതാനാവില്ല. വിശാലമായ സംഘർഷത്തിലേക്ക് നീങ്ങാതെ, നിർണായകമായി സൈനിക ശേഷിയും പ്രതിരോധവും പ്രകടിപ്പിക്കുന്ന, എൽഒസിയിലെ ഡ്രോൺ പ്രകോപനങ്ങളെ കൃത്യമായി ഉന്മൂലനം ചെയ്യുന്നതിനാണ് ഇന്ത്യ നിലവിൽ ശ്രദ്ധ നൽകിയിട്ടുള്ളത്. വ്യോമാതിർത്തി അടച്ചുകൊണ്ടോ സിവിലിയൻ വ്യോമയാന പ്രവർത്തനങ്ങൾ കൂടുതൽ തടസ്സപ്പെടുത്തിക്കൊണ്ടോ ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമം പാകിസ്ഥാന് വലിയ രീതിയിലെ സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുമെന്നാണ് യുദ്ധ തന്ത്രജ്ഞർ നിരീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം