ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കവും കൂട്ടക്കുരുതിയും തുടരുന്നതിൽ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ലോകരാഷ്ട്രങ്ങളോട് പലസ്തീൻ ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ തന്നെ ഇന്നത്തെ പ്രസംഗം ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രസംഗം ഇന്ന്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നെതന്യാഹുവിന്‍റെ പ്രസംഗം നടക്കുക. ഇന്നത്തെ ആദ്യത്തെ പ്രാസംഗികനായിരിക്കും ഇസ്രയേൽ പ്രധാനമന്ത്രിയെന്ന് യു എൻ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കവും കൂട്ടക്കുരുതിയും തുടരുന്നതിൽ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ലോകരാഷ്ട്രങ്ങളോട് പലസ്തീൻ ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ തന്നെ ഇന്നത്തെ പ്രസംഗം ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്നാണ് പലസ്തീൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പലസ്തീൻ പ്രതിനിധികൾ വിവിധ രാജ്യങ്ങൾക്ക് കത്തും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇത് ആഗോള തലത്തിൽ തന്നെ വലിയ തോതിൽ ശ്രദ്ധയും നേടിയിരുന്നു. എന്നാൽ പലസ്തീൻ നീക്കത്തെ പ്രതിരോധിക്കാൻ ഇസ്രയേലും പരിശ്രമം ശക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിന്‍റെ പ്രസംഗം ആഘോഷമാക്കാനാണ് ഇസ്രയേലിന്‍റെ ശ്രമം.

പലസ്തീന്‍റെ ഇറങ്ങിപ്പോക്ക് ആഹ്വാനം ഇപ്രകാരം

നെതന്യാഹുവിന്റെ പ്രസംഗത്തിന് മുമ്പ് പരമാവധി പ്രതിനിധികളെ ജനറൽ അസംബ്ലി ഹാളിലേക്കും സന്ദർശക ഗാലറിയിലേക്കും കൊണ്ടുവരാനും, നെതന്യാഹു പ്രസംഗിക്കാനായി വേദിയിലേക്ക് കയറുമ്പോൾ ഒരുമിച്ച് ഇറങ്ങിപ്പോകാനുമാണ് പലസ്തീന്റെ ആഹ്വാനം. ഇസ്രായേലിന് നാണക്കേടുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ സംഭവം ആവർത്തിക്കാനാണ് ഇത്തവണയും നീക്കം. അറബ് രാജ്യങ്ങളുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ ഈ നീക്കത്തിന് ഉണ്ടെന്നാണ് സൂചന. യു എൻ വേദിയിൽ ഇറങ്ങിപ്പോക്ക് പ്രതിഷേധമുണ്ടാകുന്നത് ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളോടുള്ള എതിർപ്പ് വ്യക്തമാക്കുന്നതിനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ശക്തമായ സന്ദേശമായി മാറുമെന്ന പ്രതീക്ഷയാണ് ഈ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

നെതന്യാഹുവിന്‍റെ പ്രസംഗം ആഘോഷമാക്കാൻ ഇസ്രയേൽ

അറബ് രാഷ്ട്രങ്ങളും പലസ്തീൻ അനുകൂല രാഷ്ട്രങ്ങളും പ്രകോപനപരമായ പ്രതിഷേധങ്ങൾ നടത്തിയാൽ നേരിടാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. നെതന്യാഹുവിനെ അപമാനിക്കാനോ പ്രസംഗം തടസപ്പെടുത്താനോയുള്ള ശ്രമങ്ങൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യു എന്നിനോട് ഇസ്രയേൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. നെതന്യാഹുവിന്‍റെ അടുത്ത അനുയായികളെയും ജൂത നേതാക്കളെയും പ്രസംഗത്തിന് ക്ഷണിച്ചിട്ടുണ്ട്. നെതന്യാഹുവിന്‍റെ പ്രസംഗത്തെ വൻ കയ്യടികളിലൂടെ ഏറ്റെടുക്കാൻ ഇവരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്ലക്കാർഡുകൾ വിലക്കിയിട്ടുള്ള ഐക്യരാഷ്ട്രസഭ, ലംഘനം നടത്തുന്നവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാമാസിനെതിരെയും അടുത്തിടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ലോക രാജ്യങ്ങൾക്കുമെതിരെയാകും നെതന്യാഹുവിന്‍റെ പ്രസംഗമെന്നാണ് സൂചന. ഫ്രാൻസ്, യു കെ, കാനഡ, ഓസ്ട്രേലിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളാണ് അടുത്തിടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്.