ഗസ: മെഡിറ്ററേനിയന്‍ കടല്‍തീരത്ത് മരിച്ചുകിടക്കുന്ന സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടെ ചിത്രം അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ നേര്‍ചിത്രമായിരുന്നു. ആഭ്യന്തര യുദ്ധത്തിന്‍റെ എല്ലാ കെടുതികളും അനുഭവിക്കുന്ന വലിയ ജനതയുടെ പ്രതീകമായിരുന്നു ആ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ചിത്രം മനുഷ്യമനസാക്ഷിയുടെ ഉള്ളുലക്കുന്നു. ജറുസലേമിലെ ആശുപത്രിയില്‍ നീലക്കുപ്പായമിട്ട് കടുത്ത വേദനകള്‍ക്കിടയിലും പുഞ്ചിരിക്കുന്ന മുഖവുമായി ഫലസ്തീന്‍കാരിയായ നാലു വയസ്സുകാരി, ഐഷ ലുലു. ഇസ്രായേല്‍-ഫലസ്തീന്‍ രാഷ്ട്രീയ വൈരത്തിന്‍റെ ദുരന്ത ചിത്രമായി അവള്‍ മാറുകയാണ്. ഒരുമണിക്കൂര്‍ ദൂരത്തിനപ്പുറം സ്വന്തം അമ്മയും അച്ഛനും ഉണ്ടെങ്കിലും, അവര്‍ക്ക് ജറുസലേമിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ ഭരണകൂടം വിലക്കിയപ്പോള്‍ അവരെ കാണണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി ആശുപത്രികിടക്കിയില്‍നിന്ന് അവള്‍ അബോധത്തിലേക്ക് മറഞ്ഞു. ഒടുവില്‍ ഒരാഴ്ച്ചക്കപ്പുറം അവള്‍ ലോകത്തോടും വിടപറഞ്ഞു.

അതിഗുരുതര രോഗം ബാധിച്ച ഐഷയെ തലച്ചോറിലെ ശസ്ത്രക്രിയക്കായാണ് ജറുസലേമിലെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്കിടക്കയില്‍ ഐഷ വാശിപിടിച്ച് കരഞ്ഞത് അച്ഛനെയും അമ്മയെയും കാണണമെന്ന് പറഞ്ഞാണ്. എന്നാല്‍, കുട്ടിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഐഷയുടെ കുടുംബവുമായി ബന്ധമില്ലാത്ത അപരിചിതനെയാണ് കുട്ടിയെ പരിചരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും സാധാരണ ജീവിതത്തിലേക്ക് അവള്‍ക്ക് മടങ്ങിവരാനായില്ല. അബോധാവസ്ഥയിലായ ഐഷയെ തിരികെ ഗസയിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും  ഒരാഴ്ച്ചക്ക് ശേഷം മരിച്ചു. 

ആശുപത്രി കിടക്കയില്‍ പുഞ്ചിരിച്ച് കിടക്കുന്ന ഐഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിക്കുന്നുണ്ട്. ഗസയില്‍നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ ഇസ്രായേല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. ഐഷയുടെ വിഷയത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരി രംഗത്തെത്തി. ആശുപത്രിയില്‍ അപരിചിതര്‍ക്കിടയില്‍ കുട്ടിയെ തനിച്ചാക്കിയപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയനുഭവിച്ചെന്ന് കുട്ടിയുടെ പിതാവ് വസീം ലുലു പറഞ്ഞു. ഗസയില്‍നിന്ന് ഒരുമണിക്കൂര്‍ യാത്രയേ ജറുസലേമിലേക്കുള്ളൂ. എന്നാല്‍, മറ്റേതോ ഗ്രഹത്തിലാണെന്ന അനുഭവമാണ് ഞങ്ങള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. ''പലസ്തീനില്‍നിന്നെത്തുന്ന നിരവധി ഏകാന്ത രോഗികളെ ചികിത്സിച്ചിട്ടുണ്ട്. എന്നാല്‍, ഐഷ എന്‍റെ മനസ്സില്‍നിന്ന്  മായുന്നില്ല. അവള്‍ ആരുമില്ലാത്തളെപ്പോലെ തോന്നി. അവളുടെ മുഖം എന്നെ ഉലച്ചുകളഞ്ഞു''. ഐഷയെ ചികിത്സിച്ച ജറുസലേമിലെ ഡോക്ടര്‍ അഹമ്മദ് ഖന്‍ദാജ്കി വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. 

ജറുസലേമിലെ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സക്കായി ഗസയില്‍നിന്ന് നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. എന്നാല്‍, വളരെ കുറച്ച് പേരുടെ അപേക്ഷ മാത്രമേ ഇസ്രായേല്‍ ഭരണകൂടം പരിഗണിക്കൂ. ചികിത്സക്കെത്തുന്നവരെ കടുത്ത നിരീക്ഷണത്തിനും പരി ശോധനകള്‍ക്കും വിധേയമാക്കുകയും കൂടെനില്‍ക്കാന്‍ ബന്ധുക്കള്‍ക്ക് അനുവദിക്കുകയുമില്ല.