ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക
മോസ്കോ: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്‍റിന്‍റെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ക്രെംലിന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ പുടിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഇസ്രായേൽ- ഹമാസ് സംഘർഷം; ദൃശ്യങ്ങൾ എല്ലാം വിശ്വസിക്കല്ലേ, ആ വീഡിയോ ഇപ്പോഴത്തേത് അല്ല! Fact Check
വ്‌ളാഡിമിർ പുടിൻ ഒരു വർഷം മുമ്പ് കസാക്കിസ്ഥാനിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് മഹമൂദ് അബ്ബാസിനെ അവസാനമായി കണ്ടത്. രണ്ട് വർഷം മുമ്പാണ് മഹമൂദ് അബ്ബാസ് അവസാനമായി റഷ്യ സന്ദർശിച്ചത്.
നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്
അതേസമയം ഇസ്രയേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി. 2014 ൽ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോൾ മാസങ്ങൾ പൊരുതാനുള്ള കരുതൽ ശേഖരമുണ്ട്. തടവിലാക്കപ്പെട്ട പലസ്തീനികളെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസ തകർത്താൽ നരകത്തിന്റെ വാതിലുകൾ ഇസ്രയേൽ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു.
ഇസ്രായേൽ - ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിന്‍റെ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30ലേറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറ് ഇസ്രയേലികൾക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്.
