മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഡിസംബർ 16നാണ് ട്രേസിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്.

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റേണിൽ പെൺകുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് തെറ്റിധരിപ്പിച്ച് അമ്മയുടെ കയ്യിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കൈ നോട്ടകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാധഒഴിപ്പിക്കണമെന്ന് കാണിച്ച് 70,000 ഡോളർ (ഏകദേശം 50,23,270.00 രൂപ) ആണ് 37കാരിയായ ട്രേസി മിലനോവിച്ച് തട്ടിയെടുത്തത്. പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ മസാച്യുസെറ്റ്സ് സോമര്‍സെറ്റ് പൊലീസാണ് ട്രേസിയെ അറസ്റ്റ് ചെയ്തത്.

മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഡിസംബർ 16നാണ് ട്രേസിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. പണത്തിന് പുറമെ ബെഡ്ഷീറ്റുകള്‍, ടവ്വലുകള്‍, കിടക്ക തുടങ്ങിയവയും വീട്ടുപകരണങ്ങളും യുവതിയിൽനിന്ന് ട്രേസി തട്ടിയെടുത്തിട്ടുണ്ട്.

മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും 'കുട്ടിയെ ആത്മാവില്‍ നിന്നു മോചിപ്പിക്കാന്‍ പണവും വീട്ടുപകരണങ്ങളും ആവശ്യമാണെന്നും' പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയതെന്നും യുവതി ആരോപിച്ചു. ഏകദേശം 50,95,031 (71,000 ഡോളർ) രൂപയെങ്കിലും തന്റെ കയ്യിൽനിന്ന് ട്രേസി തട്ടിയെടുത്തിട്ടുണ്ടാകുമെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനൊടുവിൽ‌ ഡിസംബർ 27നാണ് ട്രേസിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിസംബര്‍ 30 ന് ഫാള്‍ റിവര്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മസാച്യുസെറ്റ്സിലെ സോമര്‍സെറ്റ് തെരുവിൽ സൈക്കിക് പാം റീഡര്‍ എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിലൂടെയാണ് ട്രേസി തട്ടിപ്പുകൾ നടത്തുന്നത്. പത്ത് വർഷത്തോളം ഫാൾ റിവറിന് സമീപം ട്രേസി ഇതോ പേരിൽ കട നടത്തിയിരുന്നു. 2018ലാണ് സോമര്‍സെറ്റ് തെരുവിൽ സൈക്കിക് പാം റീഡര്‍ പ്രവർത്തനമാരംഭിക്കുന്നത്.