വാഷിം​ഗ്ടൺ: കഴിഞ്ഞ ദശകങ്ങളിലായി ദരിദ്രരാജ്യങ്ങളുൾപ്പെടെയുള്ള രാജ്യങ്ങൾ ആരോ​ഗ്യ, വിദ്യാഭ്യാസ രം​ഗങ്ങളിൽ നേടിയെടുത്ത പുരോ​ഗതികളെ കൊവിഡ് മഹാമാരി മായ്ച്ചുകളയുമെന്ന ആശങ്ക രേഖപ്പെടുത്തി ലോക ബാങ്ക്. 2020ലെ ഹ്യൂമൻ കാപിറ്റൽ ഇൻഡക്സ് റിപ്പോര്‍ട്ട് (മനുഷ്യ മൂലധന സൂചിക)  പ്രകാരമാണ് ഈ നി​ഗമനം. പല രാജ്യങ്ങളും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങൾ വിദ്യാഭ്യാസ ആരോ​ഗ്യ രം​ഗങ്ങളിൽ‌ മികച്ച നേട്ടം കൈവരിച്ച വർഷങ്ങളാണ് കടന്നു പോയത്. എന്നാൽ കൊവിഡിന്റെ വരവോടെ ഈ മേഖലകൾ കടുത്ത ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ ക്ഷേമത്തിനും മനുഷ്യ മൂലധനം വളരെ പ്രധാനപ്പെട്ടതാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിവ്യാഡ് മൽപാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

എട്ട് മില്യണിലധികം കുഞ്ഞുങ്ങൾ ശരിയായ വിധത്തിലുള്ള പ്രതിരോധ കുത്തിവെയ്പുകൾ ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതുപോലെ കൊവിഡ് മഹാമാരി മൂലം ഒരു ബില്യണിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യമാണുള്ളത്. സ്കൂളുകളിൽ പെൺകുട്ടികളുടെ അനുപാതം കുറഞ്ഞു വരുന്നത് പ്രതിസന്ധിക്ക് കാരണമാകും. വിദ്യാഭ്യാസത്തിൽ വിശാലമായ നിക്ഷേപം നടത്താൻ  രാജ്യങ്ങളോട് ലോകബാങ്ക് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ലോക ജനസംഖ്യയുടെ 98 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന 174 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയാണ് 2018 ൽ ആരംഭിച്ച ഹ്യുമൻ ക്യാപിറ്റൽ ഇൻഡക്സിൽ ഉൾപ്പെട്ടിട്ടുള്ളത്. 

ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് വ്യാപനം നീണ്ടുപോകുകയോ കുറഞ്ഞ രാജ്യങ്ങളിൽ വീണ്ടും രോ​ഗബാധ ഉണ്ടാകുകയും ചെയ്താൽ ദാരിദ്രാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനയുണ്ടാകാനാണ് സാധ്യതയെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ് മുന്നറിയിപ്പ് നൽകിയിരുന്നു.