ഒൻപത് മണിക്കൂർ നീണ്ട യാത്രയായിരുന്നു വിമാനത്തിന് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ യാത്ര പാതിവഴിയിൽ അവസാനിച്ചു. അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കി. 

കോപൻഹേഗൻ: 254 യാത്രക്കാരുമായി പറക്കവെ ആകാശചുഴിയിൽ വീണ സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനം പാതിവഴിയിൽ അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കി. സ്വീഡനിലെ സ്റ്റോക്ഹോമിൽ നിന്ന് അമേരിക്കൻ നഗരമായ മിയാമിയിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് ഗ്രീൻലാൻഡിന് മുകളിൽ വെച്ച് ആകാശചുഴിയിൽ വീണത്. വിമാനത്തിൽ നിന്നുള്ള ഭീതിജനകമായ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സീറ്റുകളിൽ ഇരിക്കുകയായിരുന്ന യാത്രക്കാരിൽ ചിലർ സീറ്റുകളിൽ നിന്ന് എടുത്തെറിയപ്പെട്ടു. സീറ്റുകളിലെ ഫ്ലയറുകളും യാത്രക്കാരുടെ ക്യാരി ഇൻ ലഗേജുകളും ഭക്ഷണവുമെല്ലാം വിമാനത്തിനകത്ത് പാറിപ്പറക്കുന്നത് വീഡിയോയിൽ കാണാം. വിമാനത്തിലെ ഓക്സിജൻ മാസ്‍കുകളും പുറത്തുവന്നു. മരിച്ചു പോകുമെന്ന് വരെ ഭയന്നതായി യാത്രക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ യാത്രക്കാരിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.

Scroll to load tweet…

പ്രദേശിക സമയം ഉച്ചയ്ക്ക് 12.55നാണ് വിമാനം സ്റ്റോക്ഹോമിൽ നിന്ന് പറന്നുയർന്നത്. വൈകുന്നേരം 5.45ന് മിയാമിയിൽ ലാന്റ് ചെയ്യേണ്ടതായിരുന്നു. ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടുവെങ്കിലും യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് സ്കാൻഡിനേവിയൻ എയർലൈൻസ് വക്താവ് അറിയിച്ചു. പിന്നീട് വിമാനത്തിൽ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധന നടത്തി. ഒൻപത് മണിക്കൂ‍ർ യാത്രയാണ് വിമാനത്തിനുണ്ടായിരുന്നത്. എന്നാൽ കോപൻഹേഗനിൽ ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. 

മിയാമിയിലേക്ക് യാത്ര തുടർന്നിരുന്നെങ്കിൽ അവിടെ ലാന്റ് ചെയ്ത ശേഷം ഇത്തരം വിമാനങ്ങൾക്ക് പരിശോധനയോ ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികളോ നടത്താൻ വേണ്ട സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. ഇതും യാത്ര റദ്ദാക്കാൻ കാരണമായി. കടുത്ത ആകാശച്ചുഴികളിൽ അകപ്പെടുന്ന വിമാനങ്ങൾ ലാന്റ് ചെയ്താൽ നി‍ർദിഷ്ട പരിശോധനകൾ നടത്തേണ്ടത് അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരം നിർബന്ധമാണ്. മിയാമിയിൽ ഇറക്കിയിരുന്നെങ്കിൽ മറ്റെവിടെ നിന്നെങ്കിലും സാങ്കേതിക വിദഗ്ധരെ എത്തിച്ച ശേഷമേ പരിശോധന നടത്താൻ സാധിക്കുമായിരുന്നുള്ളൂ. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസം ഉറപ്പാക്കിയെന്നും പിന്നീട് മറ്റ് വിമാനങ്ങളിൽ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം