കാട്ടുതീ ഏറ്റവും രൂക്ഷമായ പാലിസേഡിലെ ഒരു ആർക്കിടെക്ടിന്റെ വീടാണ് ചുറ്റുമുള്ള വീടുകൾ കത്തിനശിച്ചിട്ടും ലോസാഞ്ചലസ് കാട്ടുതീയെ പ്രതിരോധിച്ചത്
ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിനെ വലിയ രീതിയിൽ ബാധിച്ച കാട്ടുതീയിൽ രക്ഷനേടിയ വീടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. പസഫിക് പാലിസേഡിലുള്ള വീടിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വലത്തും ഇടത്തും മുന്നിലും പിന്നിലും ഉള്ള വീടുകൾ എല്ലാം തന്നെ കാട്ടുതീയിൽ കത്തിക്കരിഞ്ഞിട്ടും പാലിസേഡിലെ ഈ വീടിന് പരിക്കൊന്നും ഏറ്റിട്ടില്ല. വീടിന്റെയും മതിലിന്റേയും ഡിസൈനിനും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും പിന്നെ ഭാഗ്യവുമാണ് വീട് ബാക്കിയായതിന് പിന്നിലെന്നാണ് വീടിന്റെ ആർക്കിടെക്ട് ഗ്രെഗ് ചേസൻ വിശദമാക്കുന്നത്. പാസീവ് ഹോം ഡിസൈൻ മാനദണ്ഡമാക്കിയതാണ് ഈ ആർക്കിടെക്ടിന്റെ വീടിന് സഹായമായത്.
ചെടികൾ ഇല്ലാതെയുള്ള കോംപൌണ്ടും കോൺക്രീറ്റു കൊണ്ട് നിർമ്മിച്ച അരഭിത്തിയും ചുവരുകളും ലോഹനിർമ്മിതമായ മേൽക്കുരയും അഗ്നിയെ പ്രതിരോധിക്കുന്ന സീലിംഗുമാണ് ലോസാഞ്ചലസ് കാട്ടുതീയെ ചെറുക്കാൻ വീടിനെ സഹായിച്ചതെന്നാണ് ആർക്കിടെക്ട് ഗ്രെഗ് ചേസൻ ദി ഗാർഡിയനോട് പ്രതികരിച്ചത്. ഭാഗ്യം ഒരു വലിയ ഘടകം ആയിരുന്നെങ്കിലും ഈ പുതിയ വീട്ടിൽ മരത്തിനേക്കാൾ കൂടുതൽ കോൺക്രീറ്റിനെ അടിസ്ഥാനമാക്കിയതും തീയെ ചെറുത്തതായാണ് ഗ്രെഗ് ചേസൻ വിലയിരുത്തുന്നത്. ലോസാഞ്ചലസിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഈ വീടുള്ളത്. മേൽക്കൂരയിൽ ക്ലാസ് എ കാറ്റഗറിയിലുള്ള മരമാണ് ഉപയോഗിച്ചത്.
ഈ വീടിന് പരിസരത്തുള്ള വീടുകൾ എല്ലാം കത്തിനശിച്ചിട്ടും ഈ വീടിനെ തീപിടിക്കാതിരുന്നത് നിർമ്മാണത്തിലെ വ്യത്യാസമാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലും ചർച്ചയാവുന്നുണ്ട്. 12000 വീടുകളും കെട്ടിടങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് കാട്ടുതീയിൽ കത്തിനശിച്ചത്. അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയെ വലച്ചുകൊണ്ട് കാട്ടു തീ പതിവാകുന്ന സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണ രീതിയിൽ മാറ്റം വേണമെന്നും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. കെമിക്കലുകൾ ഉപയോഗിച്ചുള്ള സിന്തറ്റിക് പദാർത്ഥങ്ങൾ വീട് നിർമ്മാണത്തിന് ഉപയോഗിച്ചത് വലിയ രീതിയിൽ വീടുകൾ തീയിൽ നശിക്കാൻ മേഖലയിൽ കാരണമായിരുന്നു.
ലോസാഞ്ചലസിൽ പടർന്ന കാട്ടുതീ ഇനിയും പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. 27 പേരാണ് ഇതിനോടകം കാട്ടുതീയിൽ കൊല്ലപ്പെട്ടത്. ജനുവരി 7 മുതൽ വലുതും ചെറുതുമായ 30 കാട്ടുതീയാണ് ലോസാഞ്ചലസ് മേഖലയെ സാരമായി ബാധിച്ചത്. ഇതിൽ പാലിസേഡ്, ഈറ്റൺ മേഖലയിലുണ്ടായ കാട്ടുതീയാണ് വലിയ രീതിയിലുള്ള നാശം വിതച്ചത്. മേഖലയിൽ അനുഭവപ്പെട്ട ശക്തമായ വരണ്ട കാറ്റ് കാട്ടുതീയുടെ വ്യാപനത്തിന് ശക്തി നൽകിയിരുന്നു.
