കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനുള്ള പ്രവർത്തനത്തിന്റെ ഭാ​ഗമായി ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. മനുഷ്യർ വീടുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ ജന്തുജീവജാലങ്ങളാണ് ഇപ്പോൾ തെരുവുകൾ കീഴടക്കിയിരിക്കുന്നത്. ഇത്തരത്തിൽ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ റോഡിൽ ചുറ്റിക്കറങ്ങുന്ന പെൻഗ്വിനുകളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ സൂസന്ത നന്ദയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'പെൻ‌ഗ്വിനുകൾ ഓക്ക്ലാൻഡിലെ തെരുവുകൾ പരിശോധിച്ച്, മനുഷ്യരെ തിരയുന്നു'എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് പെൻ‌ഗ്വിനുകൾ തെരുവിലൂടെ കടന്നുപോകുന്നത് കാണാനാകും.
'പെൻ‌ഗ്വിനുകളെ ഇതുപോലെ തുറന്ന സ്ഥലത്ത് ഞങ്ങൾ മുമ്പ് കണ്ടിട്ടില്ല, അവർ മനുഷ്യർക്കായി മൃഗശാലയിൽ എത്തിയിട്ടുണ്ട്' തുടങ്ങിയ കമൻഡുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.