ഇറാൻ യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക പ്രതികാര നടപടിക്കൊരുങ്ങുന്നു. സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനും ബ്രിട്ടനെതിരെ നിലപാട് കടുപ്പിക്കാനും പെന്റഗൺ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിലെ വിഷയത്തിൽ സഹകരിക്കാത്തതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ പ്രതികാര നടപടികൾക്കൊരുങ്ങി അമേരിക്ക. സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ പെന്റഗൺ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പെന്റഗൺ ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഫോക്ക്‌ലാൻഡ് ദ്വീപുകളിലുള്ള ബ്രിട്ടന്റെ അവകാശവാദത്തെക്കുറിച്ചുള്ള യുഎസ് നിലപാട് പുനരാലോചിക്കാനും മെയിലിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാൻ യുദ്ധത്തിനായി അമേരിക്കയ്ക്ക് പിന്തുണ നൽകാൻ ചില സഖ്യകക്ഷികൾ വിമുഖത കാണിച്ചതിൽ നിരാശ പ്രകടിപ്പിച്ച് പെന്റഗണിന്റെ ഉന്നത നയ ഉപദേഷ്ടാവായ എൽബ്രിഡ്ജ് കോൾബി തയ്യാറാക്കിയ കുറിപ്പാണ് ചോർന്നത്. എന്നാൽ, നിലവിലെ നിയമമനുസരിച്ച് നാറ്റോയിൽ അംഗരാജ്യത്തെ പുറത്താക്കാനോ അംഗത്വം റദ്ദാക്കാനോ വകുപ്പില്ലെന്ന് സഖ്യം അറിയിച്ചു. ഇറാനെതിരായ നീക്കത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കാത്തതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാനും നാറ്റോ രാജ്യങ്ങൾ സഹകരിക്കുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഇറാൻ ആക്രമണത്തിനായി തങ്ങളുടെ വ്യോമ-നാവിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമായിരുന്നു. ഹോർമുസിലെ നാവിക ഉപരോധത്തിൽ സഹകരിക്കില്ലെന്ന് ബ്രിട്ടനും അറിയിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

ഫെബ്രുവരി 28 ന് വ്യോമയുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ആഗോള കപ്പൽ ഗതാഗതത്തിന് അടച്ചിട്ട ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കുന്നതിന് നാവികസേനയെ അയയ്ക്കാത്തതിന് നാറ്റോ സഖ്യകക്ഷികളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.