ബ്രസീലിയ: ബ്രസീലിൽ കൊവിഡിനെ നിസ്സാരമായി കൈകാര്യം ചെയ്ത പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ. ബ്രസീലിൽ ഇതുവരെ 461000 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടും പ്രസിഡന്റ് ജൈ‍ർ ബോൾസനാരോ ഉദാസീന നിലപാട് തുടരുകയാണെന്ന് ആരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.  

ഡൗൺ ടൗൺ, റിയോഡി ജനീറോ എന്നിവിടങ്ങളിലെല്ലാം പതിനായിരക്കണക്കിന് പേരാണ് മാസ്ക് ധരിച്ച് പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയത്. ബോൾസനാരോ കൂട്ടക്കൊലയെന്ന് പ്രതിഷേധകരിൽ ചില‍ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് അന്തർ​ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അമേരിക്ക കഴിഞ്ഞാൽ കൊവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. മാസ്ക്, ക്വാറന്റീൻ വാക്സിൻ വിതരണം എന്നിവയെ എതിർത്ത പ്രസിഡന്റ് ആളുകൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനെ നിസ്സാരവൽക്കരിക്കുകയും കൊവിഡിനെ ഒരു ചെറിയ പനി എന്ന് എഴുതിത്തള്ളുകയുമാണ് ചെയ്യുന്നത്. 

മതിയായി എന്നാണ് ബ്രസീൽ ജനത ഇപ്പോൾ ബോൾസനാരോയോട് പറയുന്നത്. ഈ സർക്കാരിനെ തടയേണ്ടിയിരിക്കുന്നു. മതി, ഇത് മതി - ജനങ്ങൾ പറയുന്നു. മറ്റ് പ്രധാന ന​ഗരങ്ങളിലും രാജ്യതലസ്ഥാലമായ പ്രസീലിയയിലും പ്രതിഷേധം കനക്കുകയാണ്. നേരത്തെ ഒരു പൊതുപരിപാടിയിൽ മാസ്ക് ധരിക്കാതെ പ്രസം​ഗിച്ചതിന് ബോൾസനാരോയ്ക്ക് ​ഗവ‍ണർ പിഴ ചുമത്തിയിരുന്നു.