കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം  15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കെയ്റോ: സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെടുത്തി കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ നീക്കാൻ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടിവരുമെന്ന് അധികൃതര്‍. മണലും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്. 

കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലില്‍ വന്‍ ട്രാഫിക് ബ്ലോക്കാണ്. സമുദ്രപാതയില്‍. നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ ജീവനക്കാര്‍ ഇന്ത്യക്കാര്‍. ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതയിലുണ്ടായ ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ക്യാബിന്‍ ക്രൂവിനേക്കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്. 

ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്മെന്‍റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്