റിയാദ്: ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലെത്തി. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

പ്രാദേശികസമയം രാവിലെ 11.30ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും നരേന്ദ്രമോദി ഒപ്പുവെക്കും.

റുപേ കാർഡിന്‍റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കുന്ന അത്താഴ വിരുന്നില്‍ സംബന്ധിച്ച ശേഷം രാത്രി തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കും.