ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന നയവും മോദി ആവർത്തിക്കും. നാളെ ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്സ ഉച്ചകോടിയിലും മോദി പങ്കെടുക്കും

ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടക്കുന്ന ജി ട്വന്‍റി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയിൽ രണ്ട് സെഷനുകളാകും ഇന്ന് നടക്കുക. വ്യാപാര രംഗത്ത് അധിക തീരുവ അടക്കമുള്ള നിയന്ത്രണങ്ങൾക്കെതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന നയവും മോദി ആവർത്തിക്കും. നാളെ ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്സ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ജി ട്വന്‍റി ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്ന യു എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ അഭാവത്തിൽ സംയുക്ത പ്രഖ്യാപനം ഉച്ചകോടി അംഗീകരിക്കാനാണ് സാധ്യത.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട അഞ്ചരയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻവരവേൽപ്പ് നൽകി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതേസമയം ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു മലേഷ്യയിലും ഈജിപ്തിലും മോദി പോകാതിരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ട്രംപിന്‍റെ അവകാശവാദങ്ങളിൽ മൗനം വെടിയണം

ഇന്ത്യ - പാകിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്‍റെ പുതിയ വാദം. യുദ്ധം നിറുത്തിയില്ലെങ്കിൽ 350 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്‍റെ അവകാശവാദങ്ങളോട് പ്രതികരിക്കാതെ ആ വാക്കുകൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യം കോൺഗ്രസ് കടുപ്പിക്കുകയാണ്. ട്രംപ് ഉണ്ടാവില്ലെന്ന് കണ്ടാണ് മോദി ജി 20 യിൽ പങ്കെടുക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ട്രംപിനെ മോദി ആലിംഗനം ചെയ്യുന്ന പഴയ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത കോൺഗ്രസ് ഈ സൗഹൃദം ഇപ്പോൾ എവിടെ പോയെന്നും പരിഹസിച്ചു.