എ ഐ ഉച്ചകോടിക്കിടെ ഇമ്മാനുവൽ മക്രോൺ നരേന്ദ്ര മോദിക്ക് കൈകൊടുക്കാതെ അവഗണിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ സർക്കാർ വൃത്തങ്ങൾ തള്ളികളഞ്ഞു

പാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാൻ ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. പാരിസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് തള്ളിക്കൊണ്ടാണ് മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രണും ഇക്കാര്യം വ്യക്തമാക്കിയത്. സൈനികേതര ആണവോർജ മേഖലയിൽ ഫ്രാൻസുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ചർച്ചയിൽ ചെറിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതിൽ അടക്കം സഹകരിക്കാൻ ധാരണയായി.

മോദിയുടെ യാത്രയും വിപണികളുടെ പ്രതീക്ഷയും; ട്രംപ് വഴങ്ങിയില്ലെങ്കില്‍ വിപണിക്ക് എന്തുസംഭവിക്കും

ഇന്നലെ ഫ്രാൻസിൽ നടന്ന എ ഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാർസെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചർച്ചയിലാണ് സൈനികേതര ആണവോർജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താൻ ധാരണയായത്. ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ഇന്ന് ഉച്ചക്ക് മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമ്മിക്കാൻ സഹകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി.

അതേസമയം എ ഐ ഉച്ചകോടിക്കിടെ ഇമ്മാനുവൽ മക്രോൺ നരേന്ദ്ര മോദിക്ക് കൈകൊടുക്കാതെ അവഗണിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ സർക്കാർ വൃത്തങ്ങൾ തള്ളികളഞ്ഞു. ഉച്ചകോടിയിൽ സഹ അധ്യക്ഷരായിരുന്ന മോദിയും മക്രോണും ഹസ്തദാനം നൽകി ഒന്നിച്ച് ഹാളിനുള്ളിലേക്ക് വന്നതിനു ശേഷം മക്രോൺ മറ്റ് അതിഥികളെ പരിചയപ്പെടുന്ന ഭാഗം കട്ട് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ മോദി വൈകിട്ട് അഞ്ചരയോടെ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച നാളെയാകും നടക്കുക. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യക്കാരെ നാടുകടത്തിയ വിഷയമടക്കം ചർച്ചയാകുമെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം