മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചു

ദില്ലി: ഇസ്രയേൽ - ഹമാസ് യുദ്ധ സാഹചര്യം ജോർദാൻ രാജാവുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോർദാൻ രാജാവുമായി സംസാരിച്ചെന്ന് മോദി തന്നെയാണ് എക്സിലൂടെ അറിയിച്ചത്. സാധാരണ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടമാകുന്നതിൽ ആശങ്കയുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചു.

അവസാന മണിക്കൂറുകൾ, ഇത് നഷ്ടപ്പെടുത്തണ്ട! അസാപ് കേരളയുടെ നേതൃത്വത്തിൽ തൊഴിൽമേള, 32 ലക്ഷം രൂപ വരെ വാർഷിക ശമ്പളം

അതേസമയം നേരത്തെ ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന പലസ്തീന് സഹായവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗാസയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 6.5 ടൺ വൈദ്യസഹായ സാമ​ഗ്രികളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐ എഎഫ് സി - 17 ഞായറാഴ്ച പുറപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഈജിപ്തിലെ അൽ - അരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതിനിടെ 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും കേരളത്തില്‍ നിന്നുളള 26 പേരടക്കമുള്ള മലയാളികൾ കൂടി ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 23) നാട്ടില്‍ തിരിച്ചെത്തി. 14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും രണ്ടു പേര്‍ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ദില്ലിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ സീമ എസ്, ജാന്‍സി ഒബേദു എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ രണ്ടു പേരെ സുനില്‍കുമാര്‍ സി ആര്‍ ന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ദില്ലിയിലെത്തിയ 26 കേരളീയരില്‍ മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം