Asianet News MalayalamAsianet News Malayalam

Sri Lanka : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി;പെട്രോൾ ശേഖരം ഒരു ദിവസത്തേക്ക് മാത്രം

നിലവിൽ ശ്രീലങ്കയുടെ ശേഖരത്തിലുള്ളത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമാണ്, ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും റെനിൽ വ്യക്തമാക്കി. അവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. 

PM Wickremesinghe says Sri Lanka crisis Only one day of petrol stock left
Author
Colombo, First Published May 16, 2022, 9:56 PM IST

കൊളംമ്പോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ  (Ranil Wickremesinghe). സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ദേശീയ സമിതി രൂപീകരിച്ചിരിക്കുകയാണ് ശ്രീലങ്ക. പുതിയ സാമ്പത്തിക നയവും കടമെടുപ്പും അടക്കമുള്ള കാര്യങ്ങൾ ഈ സമിതിയാണ് തീരുമാനിക്കുക. പ്രതിസന്ധിയെ മറികടക്കാൻ പുതിയ ബഡ്ജറ്റ് അവതരപ്പിക്കുമെന്നും ശ്രീലങ്കൻ എയർ ലൈൻസിനെ സ്വകാര്യ വത്കരിക്കുമെന്നും റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. നിലവിൽ ശ്രീലങ്കയുടെ ശേഖരത്തിലുള്ളത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമാണ്, ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും റെനിൽ വ്യക്തമാക്കി. അവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. സാമ്പത്തികരംഗം അപകടകരമായ സ്ഥിതിയിലെന്ന് വ്യക്തമാക്കിയ വിക്രമസിംഗെ വരാനിരിക്കുന്ന മാസങ്ങൾ അതീവ ദുഷ്കരമാകുമെന്ന് മുന്നറിയിപ്പും നൽകി.

കഴിഞ്ഞ ദിവസമാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍  പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രസിഡന്‍റിന്‍റെ വസതിയിലായിരുന്നു അധികാരമേല്‍ക്കല്‍. ഇത് ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്‍റ് ഗോട്ടബയ രജപക്സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്.

Also Read: തലമാറിയാൽ മാറുമോ ശ്രീലങ്കയിലെ പ്രതിസന്ധി..?

സാമ്പത്തിക പ്രതിസന്ധി ആഭ്യന്തര കലാപത്തിലേക്കെത്തിയ ശ്രീലങ്കയിലെ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നൽകാനായി തമിഴ്നാട്ടിൽ ഭക്ഷണ, സഹായ കിറ്റുകൾ ഒരുങ്ങുകയാണ്. എൺപത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യവസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്കായി അയക്കാൻ തമിഴ്നാട്ടിൽ നിന്ന് സംഭരിച്ചത്. നാൽപ്പതിനായിരം ടൺ അരി, 500 ടൺ പാൽപ്പൊടി, 30 ടൺ ജീവൻ രക്ഷാ മരുന്നുകൾ, പയറുവർഗ്ഗങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ എന്നിവയാണ് അയക്കുന്നത്.

Also Read: ‘തമിഴ്നാട് മക്കളിടം ഇരുന്ത് അൻപുടൻ'; ശ്രീലങ്കയ്ക്ക് തമിഴ് മണ്ണിന്‍റെ സ്നേഹം, സഹായ കിറ്റുകൾ ഒരുങ്ങുന്നു

ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോൾ പുരോഗമിക്കുകയാണ്. കടത്തുകൂലി ഉൾപ്പെടെ 134 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സാമൂഹിക അരാജകത്വത്തിലേക്കെത്തിയ ശ്രീലങ്കയിൽ ഒരു കിലോഗ്രാം അരിയുടെ വില 450 ശ്രീലങ്കൻ രൂപ (128 ഇന്ത്യൻ രൂപ) വരെയാണ്. ഒരു ലിറ്റർ പാലിന്‍റെ വിലയാകട്ടെ 270 ശ്രീലങ്കൻ രൂപയും (75 ഇന്ത്യൻ രൂപ). ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഭക്ഷണത്തിനായി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കാനും ആയുധമെടുക്കാനും വരെ മുതിരുന്ന നിലയാണ് ദ്വീപ് രാഷ്ട്രത്തിലുള്ളത്.

യുദ്ധകാലത്തേതിന് സമാനമായ ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കയിലേക്ക്ക്ക് ഭക്ഷണവും മരുന്നും കയറ്റി അയക്കാൻ തമിഴ്നാട് കേന്ദ്ര സർക്കാരിനോട് അനുമതി തേടിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം ഉന്നയിച്ചു. തമിഴ്നാട് നിയമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയതോടെയാണ് സഹായമെത്തിക്കാനുള്ള നടപടികൾ അതിവേഗം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios