ഭരണപക്ഷമായ യറോസ്ളാവ് കസിൻസ്‌കി നയിക്കുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കാണ് പോളണ്ടിൽ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്നാണ് സൂചന

ഒസ്ലൊ: പോളണ്ടിലും ഹംഗറിയിലും പാര്‍ലമെന്‍റ് തെര‍ഞ്ഞടുപ്പ് പൂര്‍ത്തിയായി. ഞായറാഴ്ചയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പോളണ്ടില്‍ ഭരണപക്ഷമായ യറോസ്ളാവ് കസിൻസ്‌കി നയിക്കുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഭരണപക്ഷത്തിന്‍റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നയങ്ങളും രാജ്യത്ത് ദാരിദ്ര്യം കുറയുന്നതിന് കാരണമായിരുന്നു.

ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിലും ലോ ആന്‍ഡ് ജസ്റ്റിസ് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. ഓരോ കുടുംബത്തിനും ഓരോ കുട്ടികളുടെയും കണക്കനുസരിച്ച് പ്രതിമാസം 500 സ്ലോട്ടിസ് , ഏകദേശം 125 ഡോളര്‍ വീതം നല്‍കുന്ന പദ്ധതി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നാണ്. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍റെ വലതുപക്ഷ പാര്‍ട്ടിയായ ഫിദേസിനാണ് ഹംഗറിയില്‍ മുന്‍തൂക്കം.

പ്രാദേശിക, ദേശീയ തലത്തിലും യൂറോപ്പിലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും 2010 മുതൽ വിജയിച്ച പാർട്ടിയാണ് ഫിദേസസ്‌. എന്നാൽ ഇക്കുറി ഫിദേസസിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്. പാർട്ടിയിലെ ശ്രദ്ധേയനായ മേയറും മുൻ ഒളിംപിക്‌ ചാമ്പ്യനുമായ സോൾട് ബോർക്കായുടെ വിവാദമായ വീഡിയോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിച്ചിരുന്നു. ഏകദേശം 8 മില്യൺ ആളുകൾക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്.