Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം; കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം വീണ്ടും തുടങ്ങാനിരിക്കെയാണ് ധാക്കയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും. 

police fires tear gas against anti modi protesters in Dhaka Bangladesh
Author
Dhaka, First Published Mar 26, 2021, 10:55 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരായി ധാക്കയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ച് പൊലീസ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം വീണ്ടും തുടങ്ങാനിരിക്കെയാണ് ധാക്കയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും.

വ്യാഴാഴ്ചയാണ് ധാക്കയില്‍ യുവജന പ്രതിഷേധം ശക്തമായത്. പൊലീസിന്‍റെ കണ്ണീര്‍വാതക പ്രയോഗത്തിനെതിരെ പ്രക്ഷോഭകര്‍ കല്ലേറ് നടത്തി. 33 പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. 2000ത്തോളം വിദ്യാര്‍ഥി പ്രക്ഷോഭകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മുസ്ലിം വിരുദ്ധമായ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയാണ് പ്രതിഷേധം.

അതേസമയം ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദര്‍ശിക്കും.

നാളെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ വോട്ട് ബാങ്കില്‍ നിര്‍ണ്ണായക ശക്തിയായ മത് വ വിഭാഗത്തിന്‍റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. വ്യാപാരം, സ്റ്റാര്‍ട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകളില്‍  ഇരു രാജ്യങ്ങളും പുതിയ കരാറുകളിലും ഏര്‍പ്പെടും. ബംഗ്ലാദേശിന്‍റെ വികസനത്തില്‍ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് യാത്രക്ക് മുന്‍പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios