ജോര്‍ജിയ: മോഷ്ടാവിന് പിന്നാലെ പായുന്നതിനിടെ അമേരിക്കയിലെ ജോര്‍ജിയയില്‍  പൊലീസ് ഓഫീസറെ ട്രെയിന്‍ ഇടിച്ചു. സംഭവത്തിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ തന്നെ പതിഞ്ഞിരുന്നു. ആന്‍റി ആന്‍റേഴ്സണ്‍ എന്ന ഉദ്യോഗസ്ഥനെയാണ് ട്രെയിന്‍ ഇടിച്ചത്. ഉടന്‍ തന്നെ ഇയാള്‍ നിലത്തുവീഴുകയും ചെയ്തു. 

ജനുവരി ഏഴിന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നോര്‍ഫ്ലോക്കിലെ വീട്ടില്‍ മോഷണം നടന്നതായി അന്‍റേഴ്സണ് സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ അങ്ങോട്ട് പുറപ്പെട്ട ആന്‍റേഴ്സണ്‍ വീട് പരിശോധിച്ചതിന് ശേഷം ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിനിടയിലാണ് റെയില്‍വെ ട്രാക്കിലൂടെ ഒരു ടിവി കയ്യിലെടുത്ത് ഓടുന്ന ആളെ കാണുന്നത്. ഇയാളെ പിടികൂടാന്‍ പിന്നാലെ പായുന്നതിനിടെയാണ് അപകടമുണ്ടായത്. 

പെട്ടന്ന് പിറകിലൂടെ ട്രെയിന്‍ വരികയും ആന്‍റേഴ്സണ് ട്രാക്കില്‍നിന്ന് മാറാന്‍ സമയം ലഭിക്കാതെ വരികയുമായിരുന്നു. ട്രെയിന്‍ ഇടിച്ച് ആന്‍റേഴ്സണ്‍ താഴെ വീണു. അപകടത്തില്‍ പരിക്കേറ്റ ആന്‍റേഴ്സണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം മോഷണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.