Asianet News MalayalamAsianet News Malayalam

'ലൈംഗികാനന്ദം ദൈവത്തിന്‍റെ സമ്മാനം': പോണിനെതിരെ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാർപ്പാപ്പ

പോണ്‍ വീഡിയോകള്‍ ലൈംഗികാസക്തി വർദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു

Pope Francis Calls Sexual Pleasure A Gift From God While Talking About The Dangers Of Pornography SSM
Author
First Published Jan 19, 2024, 10:49 AM IST

വത്തിക്കാന്‍ സിറ്റി: ലൈംഗികാനന്ദം ദൈവത്തിന്‍റെ വരദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. പോണ്‍ വീഡിയോകള്‍ വലിയ അപകടമുണ്ടാക്കും. പോണ്‍ കാണുന്നത് ലൈംഗികാസക്തി വർദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമാസക്തി ബന്ധങ്ങളുടെ ദൃഢത  ഇല്ലാതാക്കും. സ്വന്തം ആവശ്യവും സന്തോഷവും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുന്നതെന്ന് പോപ്പ് പറഞ്ഞു. പുരോഹിത ഹൃദയത്തെ ദുർബലപ്പെടുത്തുന്ന പ്രലോഭനം എന്നാണ് 2022ല്‍ അദ്ദേഹം പോണിനെ കുറിച്ച് പറഞ്ഞത്. പോണ്‍ കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും തനിക്ക് അറിയാം. അവർ ഫോണുകളിൽ നിന്ന്  ആ പ്രലോഭനം ഒഴിവാക്കണമെന്നും പോപ്പ് ഉപദേശിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനൽ പോണോഗ്രഫിയെക്കുറിച്ച് മാത്രമല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 

ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറായ അപൂർവ്വം പോപ്പുമാരില്‍ ഒരാളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.  2023 ഏപ്രിലിൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലും അദ്ദേഹം ലൈംഗികതയുടെ മെച്ചത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്ന് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സ്വവർഗ ദമ്പതികളെ ആശീർവദിക്കാൻ കഴിഞ്ഞ വർഷം പോപ്പ് പുരോഹിതർക്ക് അനുവാദം നല്‍കുകയും ചെയ്തു. കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീര്‍വാദം നല്‍കാനാണ് അനുമതി നല്‍കിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കര്‍ദിനാള്‍മാര്‍ക്ക് മാര്‍പ്പാപ്പ എഴുതിയ കത്തിന്‍റെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്.  അതേസമയം സഭയുടെ കാഴ്ചപ്പാടില്‍ വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാല്‍ അതിനു പുറത്തുനില്‍ക്കുന്നവര്‍ ആശീര്‍വാദം തേടിയെത്തിയാല്‍ പുറത്തുനിര്‍ത്തേണ്ടതില്ല എന്നാണ് സഭയുടെ  തീരുമാനം. 

വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്: മാർപ്പാപ്പ

വത്തിക്കാനിൽ പുതിയതായി ചുമതലയേറ്റ കർദിനാൾ വിക്ടർ മാന്വൽ രചിച്ച പുസ്തകം വലിയ വിവാദമായതിന് പിന്നാലെയാണ് മാർപാപ്പ ലൈംഗികതയെ കുറിച്ച് പ്രഭാഷണം നടത്തിയത് എന്നതാണ് ശ്രദ്ധേയം. കർദിനാൾ വിക്ടർ മാന്വൽ 'മിസ്റ്റിക്കൽ പാഷൻ: സ്പിരിച്വാലിറ്റി ആൻഡ് സെൻഷ്വാലിറ്റി' എന്ന പുസ്തകം  എഴുതിയത് 1990ലാണ്. നിർണായക ചുമതലയിലേക്ക് വിക്ടർ മാന്വൽ എത്തിയതോടെയാണ് ലൈംഗികാനുഭൂതി ചര്‍ച്ച ചെയ്യുന്ന പുസ്തകം വിവാദമായത്. താന്‍ മുന്‍പെഴുതിയതാണ് ഈ പുസ്തകമെന്നും ഇന്നായിരുന്നെങ്കില്‍ എഴുതില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios