ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
വത്തിക്കാൻ സിറ്റി: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ അറിയിച്ചു. മാർപ്പാപ്പക്ക് ഇപ്പോൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുണ്ട്. പക്ഷേ ഇപ്പോഴും പനിയുണ്ടെന്നത് ആശങ്കയായി തുടരുകയാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്. ഇന്ന് രാവിലെ പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം മാർപ്പാപ്പ വിശ്രമത്തിലാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് രോഗാവസ്ഥ മൂർച്ഛിച്ചെങ്കിലും രണ്ട് ദിവസമായി വത്തിക്കാനിൽ നിന്നും ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് വത്തിക്കാനും ലോകമെങ്ങുമുള്ള വിശ്വാസികളും.
അമേരിക്കയുമായി ഇപ്പോഴും കരാറിന് തയ്യാർ; പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് നൽകില്ലെന്ന് സെലൻസ്കി
അതേസമയം മാർപാപ്പ അവസാനമായി നടത്തിയ രാഷ്ട്രീയ ഇടപെടൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയതാണ്. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നുമാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. ചികിത്സയിൽ പ്രവേശിക്കുന്നതിന് മുമ്പ് യു എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പ കടുത്ത വിമർശനം നടത്തിയത്. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നടക്കം മാർപാപ്പ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ ചൂണ്ടികാട്ടിയിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നുമാണ് മാർപാപ്പ അന്ന് ഓർമിപ്പിച്ചത്.
