വത്തിക്കാന്‍: കൊവിഡ് മഹാമാരി രൂക്ഷമായതിന് ശേഷം ആദ്യമായി റോമിനു പുറത്തേക്ക് യാത്രക്ക് ഒരുങ്ങി മാർപ്പാപ്പ. അടുത്ത മാസം മൂന്നിന് ഇറ്റലിയിലെ തന്നെ അസീസി നഗരത്തിലെ പള്ളിയിലേക്ക് ആണ് പോപ്പിന്റെ യാത്ര. കൊവിഡ് ഭീഷണി വന്നതോടെ ഫെബ്രുവരി മുതൽ പോപ്പ് ഔദ്യോഗിക യാത്രകൾ എല്ലാം റദ്ദാക്കിയിരുന്നു. ഇറ്റലി സന്ദർശനത്തിന് ഇടയിലും വിശ്വസികളുമായി നേരിട്ട് സംവദിക്കാൻ ആലോചന ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയുടെ ഭാഗമായി എല്ലാ മുന്‍ കരുതലും പാലിച്ചാകും യാത്ര എന്നും വത്തിക്കാൻ അറിയിച്ചു.

ശനിയാഴ്ചയാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് വിശ്വാസികളേയും വൈദികരുടേയും സാന്നിധ്യം യാത്രയില്‍ കുറവായിരിക്കും. മഹാമാരി രൂക്ഷമായ സമയത്ത്  പലപ്പോഴും പരസ്പരം സഹായിക്കുന്നതിന്‍റേയും ആരോഗ്യ സംരക്ഷണത്തിനേക്കുറിച്ചും മാര്‍പ്പാപ്പ സംസാരിച്ചിരുന്നു. ഫെബ്രുവരി അവസാനം ഇറ്റാലിയന്‍ നഗരമായ ബാരിയിലേക്ക് നടത്തിയ യാത്രയായിരുന്നു ഇതിന് മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഇറ്റലിയില്‍ കൊവിഡ് ഭീഷണി രൂക്ഷമായത്.

ദശാബ്ദങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് മാര്‍പ്പാപ്പ വിദേശത്ത് തീര്‍ത്ഥയാത്ര പോകാതിരിക്കുന്നത്.  അസീസി നഗരത്തിന്‍റെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ശവകുടീരത്തിന് അരികില്‍ മാര്‍പ്പാപ്പ കുര്‍ബാനയര്‍പ്പിക്കും. ഒക്ടോബര്‍ നാലിനാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. സാഹോദര്യത്തിന്‍റെ പ്രാധാന്യമുയര്‍ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍പ്പാപ്പയുടെ ഈ യാത്രയെന്നും വത്തിക്കാന്‍ വിശദമാക്കുന്നു.