മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് അന്ന് ഏറെ പ്രതീക്ഷ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ട്  നീണ്ടു പോയി. കഴിഞ്ഞ വർഷം ജി 7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയപ്പോഴും നരേന്ദ്ര മോദി മാർപാപ്പയെ ക്ഷണിച്ചു.

വത്തിക്കാൻ: ഇന്ത്യയുമായും ഇന്ത്യന്‍ ജനതയുമായും ഊഷ്മള ബന്ധമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുണ്ടായിരുന്നത്. മഹത്തായ സമ്മാനമെന്നായിരുന്നു ഇന്ത്യയിലേക്കുള്ള ക്ഷണത്തോട് മാര്‍പാപ്പ പ്രതികരിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത ആരായുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പയുടെ ദേഹവിയോഗം.

ഫ്രാൻസിസ് മാർപാപ്പായെ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ആദ്യമായി ക്ഷണിച്ചത് 2021ലാണ്. വത്തിക്കാനിലെത്തിയ നരേന്ദ്ര മോദിക്ക് മാർപാപ്പ സമ്മാനങ്ങൾ നൽകി. ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചു. പ്രധാനമന്ത്രിക്കൊപ്പമെത്തിയ ഉദ്യോഗസ്ഥരുമായും മാര്‍പാപ്പ സൗഹൃദം പങ്കിട്ടു. ലോകം കൊവിഡിൽ നിന്ന് മെല്ലെ മുക്തമായി വരുന്ന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. 

കൊവിഡ് തളർത്തിയ സാധാരണക്കാരെക്കുറിച്ച് മാർപ്പാപ്പ ഏറെ നേരം സംസാരിച്ചു. ഇന്ത്യയിൽ സൗജന്യ റേഷൻ അടക്കം ജനങ്ങൾക്ക് നൽകുന്നത് പ്രധാനമന്ത്രിയും വിവരിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് അന്ന് ഏറെ പ്രതീക്ഷ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയി. കഴിഞ്ഞ വർഷം ജി 7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയപ്പോഴും നരേന്ദ്ര മോദി മാർപാപ്പയെ ക്ഷണിച്ചു. ഈ വർഷത്തെ സഭയുടെ തിരക്കുകൾ കാരണം അടുത്ത വർഷത്തേക്ക് സന്ദർശനം നിശ്ചയിക്കാനാണ് വത്തിക്കാൻ ആലോചിച്ചിരുന്നത്.

റോമിലെ പരമ്പരാഗത ചട്ടക്കൂടിന്‍റെ പുറത്തു നിന്ന് സഭാ നേതൃത്വത്തിലെത്തിയ മാർപ്പാപ്പ ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്തി. കർദ്ദിനാൾ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനലബ്ധി അടക്കമുള്ള തീരുമാനങ്ങൾ ഈ സ്നേഹത്തിന്റെ തെളിവായി. രണ്ടായിരത്തി പതിമൂന്നിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണത്തിന് ഇന്ത്യയിൽ നിന്ന് വലിയൊരു പ്രതിനിധി സംഘം റോമിലെത്തിയിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യനാണ് നേതൃത്വം നൽകിയത്. 

അസീസിയിലെ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച് തന്റെ പ്രതിബദ്ധത അശരണരോടെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപ്പാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള ചടങ്ങുകൾക്കും നേതൃത്വം നല്കി. വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ അന്ന് മാർപ്പാപ്പ സ്വീകരിച്ചു. മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെയും മാർപ്പാപ്പ കണ്ടിരുന്നു. മന്ത്രി ജോർജ് കുര്യനു പ്രത്യേക കൂടിക്കാഴ്ചയ്ക്കുള്ള സമയവും മാർപ്പാപ്പ നല്കി.

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ റോമിൽ നടന്ന സർവ്വമത സമ്മേളനത്തിൽ പങ്കു ചേർന്ന മാർപ്പാപ്പ മനുഷ്യർ ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമാധാനത്തിനായി വാദിച്ചത്. ശിവഗിരിയിലെ സന്ന്യാസിമാരും പാണക്കാട്ട് തങ്ങളും അടക്കം ആ സമ്മേളനത്തിനെത്തിയ എല്ലാവരെയും മാർപാപ്പ നേരിട്ടു കണ്ടു. യുദ്ധവും സംഘർഷങ്ങളും നിഴൽ വീഴ്ത്തുന്ന, പ്രാദേശിക വാദവും മൗലികവാദവും നിഴൽ വീഴ്ത്തുന്ന ഈ നൂറ്റാണ്ടിൽ സ്നേഹവും ലാളിത്യവും ജീവിതവ്രതമാക്കിയ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളോട് ചേർന്ന് നിന്ന മഹാ ഇടയനാണ് ലോകം വിട നൽകുന്നത്.

Pope Francis | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്