Asianet News MalayalamAsianet News Malayalam

സാധാരണ ജീവനക്കാര്‍ക്ക് കരുതല്‍; വത്തിക്കാനില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും 'സാലറി കട്ട്'

കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തീരുമാനം. വൈദികരും ബിഷപ്പുമാരുമല്ലാതെ വത്തിക്കാനുവേണ്ടി സേവനം ചെയ്യുന്നവരുടെ ജോലി നഷ്ടമാകാതിരിക്കാനാണ് നീക്കം. 

pope order salary cut for cardinals and clerics to save jobs of lay employees
Author
Vatican City, First Published Mar 27, 2021, 12:29 PM IST

വത്തിക്കാന്‍ : സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം കണ്ടെത്താനായി ബിഷപ്പുമാരുടേയും വൈദികരുടേയും ശമ്പളം വെട്ടിക്കുറച്ച് മാര്‍പ്പാപ്പ. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തീരുമാനം. വൈദികരും ബിഷപ്പുമാരുമല്ലാതെ വത്തിക്കാനുവേണ്ടി സേവനം ചെയ്യുന്നവരുടെ ജോലി നഷ്ടമാകാതിരിക്കാനാണ് നീക്കം. നടപടി സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡിക്രി ബുധനാഴ്ച പുറത്തിറങ്ങി. ഏപ്രില്‍ ഒന്ന് മുതലാണ് നടപടി പ്രാവര്‍ത്തികമാവുക. ജീവനക്കാരില്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ശമ്പളം വെട്ടിക്കുറിയ്ക്കുന്നത് ബാധിക്കില്ലെന്ന് വത്തിക്കാന്‍റെ വക്താവ് വിശദമാക്കി.

വത്തിക്കാന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ സാധിക്കില്ലെന്ന 84കാരനായ മാര്‍പ്പാപ്പയുടെ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വത്തിക്കാനില്‍ താമസിച്ച് സേവനം ചെയ്യുന്ന കര്‍ദ്ദിനാളുമാര്‍ക്ക് മാസം തോറും 5915 ഡോളര്‍(ഏകദേശം 428000 രൂപ) ആണ് ലഭിക്കുന്നത്. എന്നാല്‍ ഇവര്‍ താമസിക്കുന്നത് മാര്‍ക്കറ്റ് നിലവാരത്തേക്കാളും കുറഞ്ഞ വാടകയ്ക്കാണെന്നും വത്തിക്കാന്‍ വിലയിരുത്തുന്നു. റോമിലെ  സെമിനാരികളിലും കോണ്‍വെന്‍റുകളിലും സ്കൂളുകളിലുമായി താമസിക്കുന്നതിനാലാണ് ഇതെന്നും വത്തിക്കാന്‍ വിശദമാക്കുന്നു.

അതേസമയം വത്തിക്കാനുമായി പ്രവര്‍ത്തിക്കുന്ന പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, കലാകാരന്മാര്‍, അകമ്പടി ജീവനക്കാര്‍ എന്നിവരേക്കാള്‍ കുറഞ്ഞ ചെലവാണ് കര്‍ദ്ദിനാളുമാര്‍ക്കും വൈദികര്‍ക്കുമുള്ളത്. കുടുംബമായി താമസിക്കുന്ന സാധാരണ ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയില്‍ അതിജീവിക്കാന്‍ സഹായിക്കുന്നതാണ് മാര്‍പ്പാപ്പയുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മഹാമാരി നിമിത്തം വത്തിക്കാന്‍റെ വരുമാനത്തില്‍ മുപ്പത് ശതമാനത്തില്‍ അധികമായി കുറവുവന്നുവെന്നാണ് നിരീക്ഷണം.

6 ദശലക്ഷത്തോളം സന്ദര്‍ശകര്‍ എത്തിയിരുന്ന വത്തിക്കാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം എന്നിവ 2019ല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. മഹാമാരി നിമിത്തം പൂര്‍ണമായ രീതിയില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും വത്തിക്കാന്‍ മ്യൂസിയത്തിലും ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. ഈ മാസം തുറക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇറ്റലിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios