അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് വിജയാശംസകളുമായി തമിഴ്നാട്ടില്‍ നിന്നുള്ള പോസ്റ്റര്‍. കമലാ ഹാരിസിന്‍റെ അനന്തരവളും കാലിഫോര്‍ണിയയില്‍ അഭിഭാഷകയുമായ മീന ഹാരിസാണ് തമിഴ്നാട്ടിലെ പൈന്‍ഗാട്ടില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ബന്ധുക്കള്‍ അയച്ചുനല്‍കിയതെന്ന കുറിപ്പോടെയാണ് മീന ചിത്രം പങ്കുവച്ചിരിക്കുന്നത്. 

അമേരിക്കയിലെ വൈസ് പ്രസിഡന്‍റ് പദവിക്കായി മത്സരിക്കുന്ന പി വി ഗോപാലന്‍റെ പേരക്കുട്ടിക്ക് വിജയാശംസകള്‍ എന്നാണ് പോസ്റ്ററില്‍ വിശദമാക്കിയിട്ടുള്ളത്. കമലാ ഹാരിസിന്‍റെ അമ്മയുടെ പിതാവായിരുന്ന പി വി ഗോപാലന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. മുതുമുത്തച്ഛനും മുതുമുത്തശ്ശിയും എവിടെ നിന്നോ തങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവുമെന്നും മീന ഹാരിസ് ട്വീറ്റില്‍ കുറിക്കുന്നു. 

കഴിഞ്ഞ ദിവസം സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്ന കമലാ ഹാരിസ് മദ്രാസിലായിരിക്കുന്ന സമയത്ത് മുത്തച്ഛനോടൊപ്പമുള്ള നീണ്ട നടത്തത്തെയും തമിഴ് ഇന്ത്യൻ അമേരിക്കക്കാരിയായ അമ്മയെക്കുറിച്ചും വാചാലയായിരുന്നു. പ്രമുഖ കാൻസർ ​ഗവേഷകയും തമിഴ് ഇന്ത്യൻ അമേരിക്കക്കാരിയുമായ ശ്യാമള ​ഗോപാലനും ജമൈക്കന്‍ സ്വദേശിയായ ഹാരിസുമാണ് കമലാ ഹാരിസിന്‍റെ മാതാപിതാക്കള്‍.