പോര്‍ചുഗല്‍:  അവധിക്കാലം ആഘോഷിക്കാനെത്തിയ നാലുമാസം ഗര്‍ഭിണിയായ യുവതിയും ആണ്‍ സുഹൃത്തും പോര്‍ച്ചുഗലില്‍ ബീച്ചില്‍ മുങ്ങിമരിച്ചു. ബ്രീട്ടിഷ് വംശജരാണ് അപകടത്തില്‍പ്പെട്ടത്. 33 വയസുകാരിയായ യുവതി കടലില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ആണ്‍സുഹൃത്ത് ഇവരെ രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും ഇയാളും ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ച യുവതി നാല് മാസം ഗര്‍ഭിണിയാണ്. പോര്‍ച്ചുഗലിലെ സംബൂജെയ്റ ഡൂമാര്‍ ബീച്ചില്‍ വെച്ചാണ് അപകടം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവധിക്കാലം ആഘോഷിക്കാന്‍ ഇവര്‍ക്കൊപ്പമെത്തിയ രണ്ടു സുഹൃത്തുക്കള്‍ കൂടി സംഭവം നടക്കുമ്പോള്‍ ബീച്ചില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കടലില്‍ കുളിക്കുന്നതിനിടെ യുവതി മുങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇവരെ രക്ഷിക്കാനാണ് കടലിലേക്കേ് എടുത്തു ചാടിയത്. 

യുവതിയെ രക്ഷിച്ച് തിരിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇരുവരും ഒരുമിച്ച് കടലില്‍ അപ്രത്യക്ഷരാകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരേയും കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.