ബീജിംഗ്: എന്തുമോശമായ സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൈന്യത്തോട് ആവശ്യപ്പെട്ടു. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലവന്മരുടെ യോഗത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം. 

ലഡാക്കിലും  സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെയാണ് സൈനിക നീക്കത്തിനുള്ള സൂചന നല്‍കി ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന. എന്നാല്‍, അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം ചൈനീസ് പ്രസിഡന്റ് വിശദീകരിച്ചില്ല. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഷി നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തു.

മെയ് ആദ്യം മുതല്‍ ലഡാക്ക് നിയന്ത്രണ രേഖയിലും സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇരു സൈന്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പിന്നാലെ ലഡാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിമാനത്താവളത്തില്‍ ചൈന എയര്‍ബൈസ് വികസിപ്പിച്ചതും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതുമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു.