ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകി.

ന്യൂയോർക്ക്: പ്രസിഡന്‍റിന്‍റെ പുതിയ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലെത്തിച്ചെന്ന ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്‍റെ വിമർശനത്തോട് രൂക്ഷമായി പ്രതികരിച്ച് ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറയ്ക്കാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ട ട്രംപ്, പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പും നൽകി. എപ്പോഴും വളരെ വൈകിയും തെറ്റായുമാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ തീരുമാനമെടുക്കുന്നതെന്ന് ട്രംപ് വിമർശിച്ചു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും അത് വേഗത്തിൽ ഉണ്ടായില്ലെങ്കിൽ പിരിച്ചുവിടാനുള്ള നീക്കം തുടങ്ങുമെന്നും ട്രംപ് താക്കീത് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ താക്കീത്.

ട്രംപിന്‍റെ അടുത്ത കടുംവെട്ട്! എട്ടിന്‍റെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത നാസയുടെ ബജറ്റ് വെട്ടി കുറയ്ക്കാനുള്ള നീക്കത്തിലാണ് അമേരിക്കൻ പ്രസിഡന്‍റ് എന്നതാണ്. നാസയുടെ ആകെ ബജറ്റിന്‍റെ 20 ശതമാനം കുറയ്ക്കാനുള്ള ശുപാർശ അമേരിക്കൻ പ്രസിഡന്‍റ് നൽകിക്കഴിഞ്ഞെന്നാണ് വിവരം. പ്രധാന നാസ കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികൾക്കുള്ള ബജറ്റിൽ കടുവെട്ടാണ് പ്രസിഡന്‍റ് ലക്ഷ്യമിടുന്നത്. ഈ ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതാകും അമേരിക്കൻ പ്രസിഡന്‍റിന്‍റെ 49 ശതമാനം വെട്ടിച്ചുരുക്കൽ തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വൈറ്റ് ഹൗസിന്‍റെ കരട് പദ്ധതി 5 ബില്യൺ ഡോളർ വെട്ടികുറയ്ക്കൽ ശുപാർശ ചെയ്യുന്നതായാണ് റിപ്പോർട്ട്. സുപ്രധാന ശാസ്ത്ര ഗവേഷണ പദ്ധതികളെ നീക്കം പ്രതികൂലമായി ബാധിക്കും.

നാസയുടെ ശാസ്ത്ര ഗവേഷണ പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം. സെപ്തംബറിലാണ് അമേരിക്കയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന്‍റെ കരടിലാണ് വൈറ്റ് ഹൗസിന്‍റെ അസാധാരണ വെട്ടിച്ചുരുക്കൽ. നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടുകയാണെങ്കിൽ ആഘാതം കൂടുതൽ അനുഭവിക്കേണ്ടി വരിക ഏജൻസിയുടെ സയൻസ് മിഷൻസ് ഡയറ്ക്ട്രേറ്റാണ്. 750 കോടി ഡോളറിന്‍റെ ബജറ്റ് 390 കോടിയിലേക്ക് വെട്ടിച്ചുരുക്കാനാണ് നിർദ്ദേശം. പ്ലാനറ്ററി സയൻസ്, ആസ്ട്രോഫിസിക്സ് വിഭാഗങ്ങളിലെ ഗവേഷണ പദ്ധതികളെല്ലാം ഈ വകുപ്പിന് കീഴിലാണ്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ് പദ്ധതി ഇതോടെ ഇല്ലാതാകും. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ ടെലിസ്കോപ്പിന്‍റെ പരിശോധനകൾ നാസയുടെ ഗൊഡ്ഡാർഡ് സ്പേസ് സെന്‍ററിൽ തുടരുന്നതിനിടെയാണ് നീക്കം. ഹബിളും ജെയിംസ് വെബ്ബ് ടെലിസ്കോപ്പും അടക്കം സുപ്രധാന ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ഗോഡ്ഡാർഡ് സ്പേസ് സെന്റർ അടച്ചുപൂട്ടാനാണ് ശുപാർശ. ചൊവ്വയിൽ നിന്ന് സാമ്പിൾ തിരിച്ചെത്തിക്കാനുള്ള പദ്ധതിക്കും പൂട്ട് വീഴും. ശുക്രനിലേക്കുള്ള വീനസ് ദൗത്യവും ഉപേക്ഷിക്കേണ്ടി വരും. ഗോഡ്ഡാർ‍ഡ് സെന്റർ അടച്ചുപൂട്ടിയാൽ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം