റോം: കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ ആകെമരണം ആറായിരം കടന്നിരിക്കുകയാണ്. മഹാമാരിക്കിടയിലും പ്രതീക്ഷയുടെയും കരുതലിന്‍റെയും നിരവധി കാഴ്ചകളും ലോകത്തിന്‍റെ മനസ്സ് നിറച്ചു.   ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ലോകമിപ്പോള്‍ കണ്ണീരോടെ കേള്‍ക്കുന്നതും. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പുരോഹിതന്‍ ഫാദര്‍ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി തന്റെ ശ്വസനസഹായി (റെസ്പിരേറ്റര്‍) യുവാവായ രോഗിക്ക് നല്‍കി മരണത്തിന് കീഴടങ്ങിയ വിവരം വികാരഭരിതമായാണ് ലോകം ഉള്‍ക്കൊണ്ടത്.  

മിലാനിലെ കാസ്‌നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനായ ഫാദര്‍ ബെറദെല്ലിക്ക് 72 വയസ്സായിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂര്‍ച്ഛിച്ചതോടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശ്വസനസഹായി നല്‍കി. എന്നാല്‍ ഇത് നിരസിച്ച അദ്ദേഹം ശ്വാസമെടുക്കാന്‍ പ്രയാസമുള്ള യുവാവായ ഒരു രോഗിക്ക് അത് നല്‍കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഫാദര്‍ മരണമടയുകയും ചെയ്തു. 

മരണമുഖത്തും മാനവിക വറ്റാത്ത പുരോഹിതന്‍റെ പ്രവൃത്തിയെ കണ്ണീരോടെ ഓര്‍ക്കുകയാണ് സാമൂഹിക മാധ്യമങ്ങളും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക